പോളണ്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി ‘അതിരുകളില്ലാത്തൊരാൾ’

പോളണ്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി അരുൺ എൻ ശിവൻ സംവിധാനം ചെയ്ത ‘അതിരുകളില്ലാത്തൊരാൾ’. ഇന്ത്യയിൽ നിന്നും ഈ വർഷം തെരഞ്ഞെടുത്ത ഏക ചിത്രമാണിത്. റിലീജിയൻ ടുഡേ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലും ലിഫ്‌റ്റോഫ് യുകെ ഫെസ്റ്റിവലിലും ഡോക്യുമെന്ററി തെരഞ്ഞെടുത്തിട്ടുണ്ട്

മനുഷ്യത്വത്തിന്റെ ആൾ രൂപമായിരുന്ന ‘സർവോദയം കുര്യന്റെ’ കഥ പറയുന്ന ‘അതിരുകളില്ലാത്തൊരാൾ’ പോളണ്ടിൽ നടക്കുന്ന മുപ്പത്തിനാലാമത് അന്താരാഷ്ട്ര കാത്തോലിക് ഫിലിം ആൻഡ് മൾട്ടീമീഡിയ ഫെസ്റ്റിവലിലാണ് പ്രദർശിപ്പിച്ചത്. സെപ്റ്റബർ 22നാണ് സമ്മാനധാനവും പ്രഖ്യാപനവും നടന്നത്. കേരളത്തിൽ നിന്നും ഈ ഫെസ്റ്റിവലിൽ എത്തുന്ന ഏക ഡോക്യൂമെന്ററിയാണിത്.

ഞാറയ്ക്കലിലെ സർവോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ചെറിയാൻ പാറക്കലാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത് കൃഷ്ണ കുമാർ കിഴിശ്ശേരിയാണ്. രജു അമ്പാടി, അഷറഫ് പാലാഴി എന്നിവർ കാമറ ചലിപ്പിച്ച ഡോക്യൂമെന്ററിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനു ബാലകൃഷ്ണനാണ്. അൻവർ തവനൂരാണ് നറേഷൻ. ബിജോൺ സണ്ണിയാണ് സംഗീതം നൽകിയിരിക്കുന്നത്.

മരണം വരെ തന്റെ ജീവിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച വ്യക്തിത്വമാണ് സർവോദയം കുര്യന്റേത്. എറണാകുളത്ത് വൈപ്പിനിൽ ജീവിച്ചിരുന്ന സർവോദയം കുര്യൻ അനാഥരുടെ രക്ഷകനാണ്. സർവോദയം കുര്യന്റെ കൈകളിൽ കിടന്ന് വളർന്നത് ആയിരത്തിലേറെ കുരുന്നുകളാണ്. ഓടകളിലും മറ്റും കിടന്ന് ജീവൻപൊലിയുമായിരുന്ന ചോരക്കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായിരുന്നു ആ മനുഷ്യൻ. കുഞ്ഞുങ്ങൾക്ക് മാത്രമല്ല വിഷമതകൾ അനുഭവിക്കുന്ന ഓരോ മനുഷ്യനും അദ്ദേഹം കൈത്താങ്ങായിരുന്നു. ഞാറക്കലിന്റെ ഗാന്ധി എന്നും സർവോദയം കുര്യൻ അറിയപ്പെട്ടിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More