പ്രണയിച്ച് വിവാഹം; ശേഷം വേർപിരിഞ്ഞു; 33 വർഷങ്ങൾക്കു ശേഷം അഗതിമന്ദിരത്തില്‍ അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ച: സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ

സുഭദ്രയും സെയ്തുവും ജീവിതസായാഹ്നങ്ങളിലാണ്. പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരത്തിൽ ഇരുവരും പ്രണയിച്ച് കാലം കഴിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥയാണ് ഇരുവരും ചേർന്ന് ചുരുളഴിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം അച്ഛനോടൊപ്പമായിരുന്നു ചാപ്പാറ സ്വദേശി സുഭദ്രയുടെ ജീവിതം. സുഭദ്രയോട് പ്രണയം തോന്നിയ വട്ടപ്പറമ്പില്‍ സെയ്തു വിവാഹഭ്യര്‍ത്ഥന നടത്തി. അങ്ങനെയാണ് ഇരുവരുടെ വിവാഹിതരായത്. 27 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനു ശേഷം സെയ്തു ഉത്തരേന്ത്യയിലേയ്ക്ക് ജോലി തേടിപ്പോയി. അതാണ് വഴിത്തിരിവായത്. സെയ്തു പിന്നെ മടങ്ങി വന്നില്ല.

കാലങ്ങള്‍ ഏറെക്കഴിഞ്ഞു. കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞിട്ടും സെയ്തു മടങ്ങി വന്നില്ല. ജീവിതത്തിൻ്റെ ദശാസന്ധികളിൽ കൈപിടിക്കാൻ പ്രിയപ്പെട്ടവനില്ലെന്ന തിരിച്ചറിവ് സുഭദ്രയെ തളർത്തി. കാലാന്തരത്തിൽ രണ്ട് മക്കളും മരണപ്പെട്ട സുഭദ്രയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസാണ് അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. വെളിച്ചം അഗതിമന്ദിരത്തിലെ കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തില്‍ സുഭദ്ര ആരോഗ്യവതിയായി.

വീണ്ടും കുറേ വർഷങ്ങൾ കഴിഞ്ഞു. ഉദയാസ്തമയങ്ങൾക്കിടയിൽ സുഭദ്ര അഗതിമന്ദിരത്തിൽ ജീവിക്കുകയും തപിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ സെയ്തുവും നാട്ടിൽ തിരികെയെത്തി. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ തന്നെയാണ് സെയ്തുവിനെയും വെളിച്ചം അഗതിമന്ദിരത്തിലെത്തിച്ചത്. അങ്ങനെ 33 വർഷങ്ങൾക്കു ശേഷം ഇരുവരും പരസ്പരം കണ്ടു. നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരികെ ലഭിച്ച ആകസ്മികതയിൽ ഇരുവരും വീണ്ടും പ്രണയം പറഞ്ഞു.

പരസ്പരം ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സുഭദ്രയും സെയ്തുവും മറ്റ് അന്തേവാസികള്‍ക്കൊപ്പം ഉള്ളു നിറഞ്ഞ് ചിരിയ്ക്കുന്നു. ലോകത്തെ എണ്ണമറ്റ പ്രണയകഥകളിൽ പുതിയൊരേട് എഴുത്തിച്ചേർത്തു കൊണ്ട് ഇരുവരും പ്രണയിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top