മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിച്ചു; ഒക്ടോബർ 11ന് ഫ്‌ളാറ്റ് പൊളിക്കും

സുപ്രിംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടിയാണ് കെഎസ്ഇബി അധികൃതരെത്തി മരട് ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർന്ന് ജല അതോറിറ്റി എത്തി ഇവിടേക്കുള്ള ജലവിതരണവും വിച്ഛേദിച്ചു. വിഷയത്തിൽ ഫ്‌ളാറ്റ് അധികൃതർ പ്രതിഷേധിക്കുകയാണ്.

സെപതംബർ 29 മുതൽ ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങും. ഒക്ടോബർ 3 വരെ ഒഴിപ്പിക്കൽ നടപടി തുടരും. തുടർന്ന് ഒക്ടോബർ 11ന് ഫ്‌ളാറ്റ് പൊളിക്കും. 90 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റ് പൊളിച്ച് നീക്കും. 138 ദിവസത്തെ കർമ പദ്ധതിയാണ് ഇതിനായി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.

Read Also : മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന്

അതേസമയം, മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള സമഗ്രമായ കർമപദ്ധതി സർക്കാർ സുപ്രിംകോടതിയിൽ ഇന്നുതന്നെ സമർപ്പിച്ചേക്കും.

കേസ് നാളെ പരിഗണിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഡൽഹിയിലെത്തി. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച എത്ര കെട്ടിടങ്ങളുണ്ട് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങളും സർക്കാരിന് മുന്നിലുണ്ട്.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ എന്ന് പൊളിക്കുമെന്ന് പോലും കൃത്യമായി വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞതവണ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം കോടതി തള്ളിയിരുന്നു. രൂക്ഷമായ വിമർശനമാണ് സർക്കാർ ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടും ജാഗ്രതയോടെയുമാണ് പുതിയ സത്യവാങ്മൂലം തയാറാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top