ഗുസ്തി താരം യോഗേശ്വർ ദത്തും ഹോക്കി താരം സന്ദീപ് സിംഗും ബിജെപിയിൽ ചേർന്നു

ഗുസ്തി താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ യോഗേശ്വർ ദത്തും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സന്ദീപ് സിംഗും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാലയാണ് ഇരുവർക്കും ബിജെപി അംഗത്വം നൽകിയത്.
രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ആഗ്രഹം കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം യോഗേശ്വർ ദത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികൾ ആകർഷിച്ചതായും ദത്ത് വ്യക്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്‌സിലാണ് 60 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് വേണ്ടി യോഗേശ്വർ ദത്ത് വെങ്കലമെഡൽ സ്വന്തമാക്കിയത്.
നരേന്ദ്രമോദിയുടെ സത്യസന്ധതയാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നായിരുന്നു ഇന്ത്യയുടെ മുൻ ഹോക്കി നായകൻ സന്ദീപ് സിംഗിന്റെ പ്രതികരണം. യോഗേശ്വർ ദത്തിനേയും സന്ദീപ് സിംഗിനേയും കൂടാതെ ശിരോമണി അകാലിദൾ എംഎൽഎയായ ബൽകൗർ സിംഗും ബിജെപിയിൽ ചേർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here