‘അതൊരു ചങ്കിടിപ്പായിരുന്നു, ധൈര്യം പകർന്ന് കൂടെ നിന്നവർക്ക് നന്ദി’: നിർമൽ പാലാഴി

വിവാഹത്തിന്റെ ഒൻപതാം വാർഷിക ദിനത്തിൽ ഒരു ചങ്കിടിപ്പുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ നിർമൽ പാലാഴി. നൂലാമാലകൾക്കിടയിൽ നിന്ന് വിവാഹം കഴിച്ച അനുഭവമാണ് നിർമൽ പാലാഴി രസകരമായി ഫേസ്ബുക്ക് പേജിൽ കുറിച്ചത്. വിവാഹ ദിനത്തിലുള്ള ഒരു ഫോട്ടോയും പങ്കുവച്ചു. ചേട്ടൻ മുൻകൈയെടുത്താണ് വിവാഹം നടത്തിയതെന്നും നടൻ ഹരീഷ് കണാരൻ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും നിർമൽ കുറിച്ചു.

പൂക്കളുള്ള ഷർട്ട് ധരിച്ചാണ് താലി കെട്ടാൻ പോയതെന്ന് നിർമൽ പറയുന്നു. വെള്ള ഷർട്ട് ധരിച്ച് വരാൻ ചേട്ടനാണ് പറഞ്ഞത്. മണ്ഡപത്തിൽ പോയി താലി കെട്ടിയ ശേഷം വീട്ടിൽ തിരികെ എത്തി. അന്ന് ആ സംഭവം ചങ്കിടിപ്പായിരുന്നുവെന്നും പറഞ്ഞ് വരുന്നത് ആ ചങ്കിടിപ്പ് ഉണ്ടായിട്ട് ഇന്നേക്ക് ഒൻപത് വർഷമായെന്നും നിർമൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇങ്ങൾക്ക് എന്താ ഒന്നു ചിരിച്ചാൽ എന്ന ചോദ്യങ്ങൾ കൂട്ടൂല. തലേ ദിവസം പോലും വിചാരിച്ചില്ല നാളെ ഞങ്ങളുടെ വിവാഹം ആണെന്ന്. തകർച്ച കണ്ടപ്പോൾ ഏട്ടൻ ചോദിച്ചു വിളിച്ചാൽ ഇറങ്ങി വരോഡാന്ന്. പിന്നെ മൂപ്പര് മുന്നിൽ നിന്ന് ഒരു താലി വാങ്ങിക്കാൻ ഉള്ള പൈസയും തന്ന്. അപ്പോതന്നെ ശേഖരേട്ടനെ, സന്തോഷേട്ടനെ, സുദീപിനെ, ഹരീഷിനെ(കണാരൻ)കുട്ടേട്ടനെ, മനോജേട്ടനെ എല്ലാരും പണിക്ക് പോയിടത്തുന്ന് ലീവാക്കി വന്നു. ഏട്ടനും സുഹൃത്തുക്കൾ (സെൽവേട്ടൻ ,സുനി ഏട്ടൻ) അവിടെ എല്ലാം സെറ്റ് ആക്കി. ഞാൻ ഒരു പൂക്കൾ ഉള്ള വിൻസെന്റ് എല്ലാം ഇടുന്ന ഷർട്ട് ഇട്ട് താലി കെട്ടാൻ പോയി. വെള്ള ഷർട്ട് വാങ്ങി വാടാ എന്ന് ഏട്ടൻ. അപ്പോതന്നെ പോയി വാങ്ങി ഇട്ടു. മണ്ഡപത്തിൽ പോയി താലി കെട്ടി. വീട്ടിലേക്ക് തിരിക്കുമ്പോൾ സലീഷ് ഏട്ടനെ (സലീഷ് ശ്യാം) വിളിച്ചു പറഞ്ഞു. സലീഷേട്ടാ, ന്റെ കല്യാണം കഴിഞ്ഞു, എല്ലാരേയും ഒന്നു അറിയിക്കണെ. മൂപ്പര് അതു ഭംഗിയായി ചെയ്തു. അന്നൊരു ചങ്കിടിപ്പ് ആയിരുന്നു. പറഞ്ഞു വരുന്നത് ആ ചങ്കിടിപ്പ് ഉണ്ടായിട്ട് ഇന്നേക്ക് 9 വർഷം ആയി.

കുറച്ചു കൂടെ ചേർക്കുന്നു. ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ഉണ്ട് പ്രദീപ് (ബോംബ് കോരി സുരേന്ദ്രൻ)വീട്ടിൽ ഓന്റെ കല്യാണം വിളിക്കാൻ വന്നിരുന്ന്. ഓൻ പറഞ്ഞി ഡാ ന്റെ കല്യാണം ആണ് ട്ടോ. ഞാൻ പറഞ്ഞി ഡാ ന്റെ കല്യാണം കഴിഞ്ഞി ട്ടോ. ഓന്റെ കിളി പോയി. അപ്പോഴേക്കും ഒരു ലോഡ് ധൈര്യവുമായി കബീർക്ക എത്തി (ഷുക്കൂർ80മൂസ). പിന്നെ അങ്ങോട്ട് ചങ്ക് ആയി കൂടെ നിന്നവരും ചങ്ക് എടുക്കാൻ കൊടുവാൾ എടുത്തവരും. എല്ലാം ഒതുങ്ങുന്ന വരെ ഏട്ടനും കല്യാണത്തിന് കൂടെ നിന്ന പ്രിയ ചങ്ക് കളും കൂടെ നിന്നു. കണാരനും ഭാര്യ സന്ധ്യയും ഒരു ധൈര്യം വരുന്ന വരെ ഞങ്ങൾക്കൊപ്പം 2 ദിവസം വീട്ടിൽ കൂടി. എല്ലാവരോടും നന്ദിയും സ്‌നേഹവും മാത്രം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top