എഞ്ചിനിയറിങ് കോളജിന്റെ കഥയുമായി ‘അലി’

എഞ്ചിനിയറിങ് കോളജിന്റെ കഥയുമായി ‘അലി’ എത്തുന്നു. നവാഗതനായ വിശാഖ് നന്ദുവാണ് സംവിധായകൻ.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘നോട്ട് യെറ്റ് വർക്കിങ്, ആം സ്റ്റിൽ സ്റ്റഡിങ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘അലി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗോകുൽ സുരേഷ്, ലക്ഷ്മി മേനോൻ, ശബരീഷ് വർമ്മ, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിവർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

സൽജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. വിശാഖ് നന്ദുവും സിജു സണ്ണിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ. പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ‘അലി’ എന്ന ചിത്രം ഒരുക്കുന്നതും. ഒരു എഞ്ചിനിയറിങ് കോളജ് പശ്ചാത്തിലമാക്കി ഒരുങ്ങുന്ന ‘അലി’ കോമഡി എന്റർടെയ്‌നർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ്.

ഈ വർഷം നവംബർ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും. അതേസമയം ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രഖ്യാപനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top