‘രണ്ട് കാലിലാണ് ഓടുന്നതെങ്കിലും അവമ്മാര് മൃഗങ്ങളാ’; രക്തം ഉറയുന്ന കാഴ്ചകളോടെ ജല്ലിക്കട്ട് ട്രെയിലർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ജല്ലിക്കട്ട് ട്രെയിലർ പുറത്തിറങ്ങി. രാജ്യാന്തര തലത്തിൽ ചർച്ചയായ സിനിമയുടെ കൃത്യമായ മൂഡ് പകരുന്ന ട്രെയിലറാണ് പുറത്തു വന്നത്. ബ്രിട്ടീഷ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രെയിലർ പുറത്തു വിട്ടത്.  രാത്രി 9.30ന് ഫ്രൈഡേ ഫിലിം ഹൗസ് ട്രെയിലർ റിലീസ് ചെയ്യാനിരിക്കെയാണ് ബിഎഫ്ഐ അവരെ മറികടന്നത്.

ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലെ യൂറോപ്യന്‍ പ്രീമിയറിന് മുന്നോടിയായാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയിലർ പുറത്തു വിട്ടത്. രണ്ട് മിനിട്ടിലധികം ദൈർഘ്യമുള്ള ട്രെയിലർ ട്വിറ്റർ ഏറ്റെടുത്തു കഴിഞ്ഞു.

‘മാസ്റ്റർ ഓഫ് കേയോസ്’ എന്നാണ് ടൊറൻ്റോ ചലച്ചിത്രോത്സവത്തിൽ ചിത്രം കണ്ട കാണികളും സിനിമാ നിരൂപകരും ലിജോ ജോസ് പെല്ലിശ്ശേരിയെ വിശേഷിപ്പിച്ചത്. അത് അക്ഷരാർത്ഥത്തിൽ ശരി വെക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. യുണിക്കായ വിഷ്വലുകൾക്കൊപ്പം വളരെ ശക്തമായ പ്രമേയവും സിനിമയിലുണ്ടെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു.

മനുഷ്യൻ കാട് വെട്ടിപ്പിടിച്ച് രണ്ട് കാലിൽ നടക്കുന്നുവെങ്കിലും അവൻ മൃഗം തന്നെയാണെന്ന ചിന്തയുടെ ഏറ്റവും പരുഷമായ പതിപ്പാണ് ജല്ലിക്കട്ട് ട്രെയിലർ മുന്നോട്ടു വെക്കുന്നത്. ട്രെയിലറിൻ്റെ അവസാനത്തിലുള്ള ആൻ്റണി വർഗീസിൻ്റെ സീൻ രക്തം ഉറച്ചു പോകുന്ന കാഴ്ചയാണ്.

‘കലാപങ്ങളുടെ തമ്പുരാൻ’ എന്ന വിശേഷണം ലിജോയ്ക്ക് നൽകിയ ടൊറൻ്റോ കാണികളുടെ ദീർഘവീക്ഷണം തെറ്റിയില്ല. ശ്വാസം നിലച്ച് പോവുകയും ഹൃദയമിടിപ്പ് അപകടകരമാം വിധം അധികരിക്കുകയും ചെയ്യുന്ന തീയറ്റർ എക്സ്പീരിയൻസാവും ജല്ലിക്കട്ട്.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആൻ്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.

കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top