‘പുസ്തകം എഴുതുകയാണ് കർത്തവ്യം, വിവാദത്തിൽപ്പെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല’: വി ജെ ജെയിംസ്

വി ജെ ജെയിംസ്/രതി വി കെ

വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഈ വർഷത്തെ വയലാർ അവാർഡ് നിർണയം. പുരസ്‌കാര നിർണയ കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫസർ എം കെ സാനു രാജിവച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. എം കെ സാനുവിന് പകരം പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുളള സമിതിയാണ് അവാർഡ് നിർണയിച്ചത്. ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കവിതയും വി ജെ ജെയിംസിന്റെ ‘നിരീശ്വരൻ’ എന്ന നോവലുമാണ് അവസാന ഘട്ടം വരെ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. ഒടുവിൽ നിരീശ്വരന് നറുക്ക് വീണു. വയലാർ പുരസ്‌കാര നിറവിൽ വി ജെ ജെയിംസുമായി പ്രത്യേക അഭിമുഖം.

അവാർഡ് പ്രതീക്ഷിച്ചിരുന്നോ?

പ്രത്യേകമായി ഒന്നിലും പ്രതീക്ഷ പുലർത്തുന്ന സ്വഭാവം എനിക്കില്ല. അത് സംഭവിക്കുന്നതല്ലേ? സംഭവിക്കുന്നതാണെങ്കിൽ സംഭവിക്കട്ടെ. ഇല്ലെങ്കിൽ ഇല്ല എന്നുള്ള കാഴ്ചപ്പാടാണ് ഉള്ളത്. ഒരു പക്ഷേ നിരീശ്വരൻ വായിച്ചാൽ അക്കാര്യം മനസിലാകും.

വയലാർ പുരസ്‌കാര നിർണയത്തിലെ വിവാദം

വിവാദം സംബന്ധിച്ച് ചില സൂചനകൾ ഉണ്ടായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ പുസ്തകങ്ങൾ എഴുതുക, അത് വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് എന്റെ കർത്തവ്യം. അതോടെ എന്റെ റോൾ തീരുകയാണ്. പിന്നീട് സംഭവിക്കുന്നിടത്ത് വാസ്തവത്തിൽ ഞാനില്ലല്ലോ? ഞാനെന്ന വ്യക്തി അവിടെയില്ല. വിവാദങ്ങളിൽ ഞാൻ ഉൾപ്പെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

നിരീശ്വരനെ കുറിച്ച്

നീരിശ്വരവാദത്തെ കുറിച്ചല്ല പുസ്തകം പറയുന്നത്. രണ്ട് വാദങ്ങൾ ഉന്നയിക്കുന്നവരാണ് ഈശ്വരവാദിയും നിരീശ്വരവാദിയും. ഇവർക്ക് മേലെ എപ്പോഴും ഒരു സാങ്കൽപിക ലോകം ഉണ്ടാകും. ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തെ പോലെ തന്നെ ഈശ്വരനില്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ട് വിഭാഗവും വിശ്വാസികളാണ്. നിരീശ്വരൻ ഇതിന് രണ്ടിനും മുകളിൽ നിന്ന് വീക്ഷിക്കുന്ന ഒരു കാഴ്ചപ്പാടാണ്. രണ്ട് വിഭാഗത്തേയും അംഗീകരിക്കുന്നതോ എതിർക്കുന്നതോ അല്ല നിരീശ്വരൻ.

നിരീശ്വരനിലേക്ക് എത്തിയത്

വ്യക്തി ജീവിതത്തിലും എഴുത്തിന്റെ ലോകത്തുമെല്ലാം പല ദാർശനിക കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയ അനുഭവങ്ങൾ ഉണ്ടാകാം, ചിന്തകൾ ഉണ്ടാകാം. അത്തരത്തിൽ തത്വചിന്താപരമായി കടന്നുപോകുന്ന ഒരു അവസ്ഥയെ കാൽപനികമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നിരീശ്വരനിൽ നടത്തിയിരിക്കുന്നത്. കഥാപാത്രങ്ങളേയും സാഹചര്യങ്ങളേയും സൃഷ്ടിക്കുമ്പോഴും അതിൽ അന്തർലീനമായി കിടക്കുന്ന മനുഷ്യരുടെ അവസ്ഥകളുണ്ട്. ഒരോ മനുഷ്യനും, വിശ്വാസിയായാലും അവിശ്വാസിയായാലും അഭിമുഖീകരിക്കുന്ന അവസ്ഥകളുണ്ട്. വിശ്വാസത്തെ കപടതകൊണ്ട് അഭിമുഖീകരിക്കുന്നവരുമുണ്ട്, അല്ലെങ്കിൽ കുറേയധികം പ്രശ്‌നങ്ങളുണ്ട്. അവയൊക്കെയാണ് നിരീശ്വരൻ പറഞ്ഞുവയ്ക്കുന്നത്.

പുതിയ എഴുത്തുകൾ?

എഴുത്തുകാരന്റെ മനസ് എപ്പോഴും ഒരു പണിപ്പുരയായിരിക്കുമല്ലോ? മനസിലുള്ളത് പുറത്തേക്ക് വരുമ്പോഴാണ് അത് പുസ്തകത്തിന്റെ രൂപത്തിലേക്ക് മാറുന്നത്. അങ്ങനെ നോക്കുമ്പോൾ ഒരു എഴുത്തുകാരൻ എന്നും പണിപ്പുരയിലായിരിക്കുമെന്നാണ് തോന്നുന്നത്.

Read Also: വിവാദങ്ങൾക്കൊടുവിൽ വയലാർ അവാർഡ് പ്രഖ്യാപിച്ചു; വി ജെ ജെയിംസിന്റെ നിരീശ്വരന് പുരസ്‌കാരം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top