ഹരീഷ് സാൽവെയ്ക്ക് ഒരു രൂപ പ്രതിഫലം; മരണത്തിന് ഒരു മണിക്കൂർ മുൻപ് സുഷമ നൽകിയ വാക്ക് മകൾ നിറവേറ്റി

മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മരണത്തിന് ഒരു മണിക്കൂർ മുൻപ് നൽകിയ വാക്കു പാലിച്ച് മകൾ ബാൻസുരി സ്വരാജ്. അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് സുഷമ നൽകിയ വാക്കാണ് മകൾ പാലിച്ചത്. കുൽഭൂഷൻ യാദവ് കേസിൽ ഇന്ത്യക്ക് അനുകൂലമായ വിധി സമ്പാദിച്ച ഹരീഷ് സാൽവെയ്ക്ക് ഒരു രൂപ നാണയം പ്രതിഫലം നൽകുമെന്നായിരുന്നു സുഷമയുടെ വാഗ്ദാനം. വെള്ളിയാഴ്ച ഹരീഷ് സാൽവെയെ നേരിട്ട് കണ്ട് ബാൻസുരി സുഷമയുടെ വാക്കു പാലിക്കുകയായിരുന്നു.

സംഭവം സുഷമ സ്വരാജിന്റെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് അറിയിച്ചത്. ‘ബാൻസുരി നിന്റെ അന്ത്യാഭിലാഷം ഇന്ന് പൂർത്തിയാക്കി. നീ ബാക്കിവെച്ച കുൽഭൂഷൻ കേസിൽ ഒരു രൂപ ഫീസ് ഇന്ന് ഹരീഷ് സാൽവെയ്ക്ക് നൽകി’- സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തു.

കുൽഭൂഷൻ യാദവ് കേസിൽ വിധി വന്നതിനു ശേഷം സുഷമ സ്വരാജ് ഹരീഷ് സാൽവെയെ ഫോണിൽ വിളിച്ചിരുന്നു. ഒരു രൂപ നാണയം താൻ ഫീസായി നൽകാമെന്നും സ്വീകരിക്കാൻ എത്തണമെന്നും സുഷമ സാൽവെയോട് ആവശ്യപ്പെട്ടിരുന്നു. ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമയെ എയിംസിൽ പ്രവേശിപ്പിച്ചത്. പിന്നീടായിരുന്നു മരണം.

ഓഗസ്റ്റ് ആറിനാണ് സുഷമ സ്വരാജ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറില്‍ വിദേശ കാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് വാജ്‌പേയ് സര്‍ക്കാറിലും അംഗമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top