‘ആ പയ്യന് കേരള കോൺഗ്രസ് കൊണ്ടുനടക്കാനുള്ള കഴിവില്ല’: ജോസ് കെ മാണിയെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിൽ ജോസ് കെ മാണിയെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ എം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസിന്റെ ചുമതലയേറ്റെടുത്ത ജോസ് കെ മാണിക്ക് നേതൃപാടവമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആ പയ്യനെകൊണ്ട് കേരള കോൺഗ്രസ് കൊണ്ടുനടക്കാൻ കഴിവില്ലെന്ന് അണികളിൽ പലരും പറഞ്ഞു. ജോസ് കെ മാണിയുടെ കുടുംബവുമായി അടുത്ത് നിൽക്കുന്ന ചിലർ അക്കാര്യം ചൂണ്ടിക്കാട്ടിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്ന കേരള കോൺഗ്രസ് പുറത്തുനിൽക്കട്ടെയെന്നും മണി സി കാപ്പൻ അകത്തുവരട്ടെയെന്നും ജനങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാകും. പാലായിൽ മാണി സി കാപ്പൻ ജയിക്കണമെന്ന് എസ്എൻഡിപി പ്രവർത്തകർ മാത്രമല്ല ആഗ്രഹിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പാലാ ബിഷപ്പ് പോലും കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ വിജയം പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണ്. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം നല്ലതാണെന്ന് പറയാൻ അവർ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടായിരുന്നു വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top