പാട്‌നയിലെ വെള്ളപ്പൊക്കം; 25 മലയാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ബീഹാറിലെ പാട്‌നയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി തുടങ്ങി.
25 മലയാളികളെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം ഉത്തരേന്ത്യയിൽ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 80 കവിഞ്ഞു.
നാലു ദിവസമായി തുടരുന്ന മഴ ഉത്തരേന്ത്യയിൽ കനത്ത നാശനഷ്ട്ടമാണ് വിതച്ചത്. ഉത്തർപ്രദേശിൽ മാത്രം 70 അധികം പേർക്ക് ജീവൻ നഷ്ട്ടമായി. രാജസ്ഥാനിലും ബീഹാറിലും സ്ഥിതി വ്യത്യസ്തമല്ല. ഗംഗാനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ബിഹാറിലെ പാട്‌നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തയത്. മുപ്പതോളം ബോട്ടുകൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം. കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്താൻ പാട്‌ന ജില്ലാ ഭരണകൂടത്തോട് കേരളാ സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആശുപത്രികളിലും വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് രോഗികളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. നഗരത്തിൽ റെയിൽ റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ തീവണ്ടികൾ പലതും റദ്ദാക്കി.
കേന്ദ്ര ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥിതിഗതികൾ വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. കനത്ത മഴയെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജാർഖണ്ഡ് സന്ദർശം റദ്ദാക്കിട്ടുണ്ട്. നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here