എറിഞ്ഞൊതുക്കി ഹൈദരാബാദ്; കേരളത്തിനെതിരെ 228 റൺസ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ഹൈദരാബാദിന് 228 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഹൈദരാബാദ് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റിൽ നഷ്ടത്തിൽ 227 റൺസ് മാത്രമാണ് കേരളത്തിന് എടുക്കാനായത്. 7 ബാറ്റ്സ്മാന്മാർ കേരളത്തിനായി രണ്ടക്കം കടന്നെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല. 36 റൺസെടുത്ത സഞ്ജു സാംസണാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ഹൈദരാബാദിനായി അജയ് ദേവ് ഗൗഡ വിക്കറ്റുകൾ വീഴ്ത്തി.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിനൂപ് മനോഹരനെ പുറത്താക്കിയ മുഹമ്മദ് സിറാജ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചു. രണ്ടാം വിക്കറ്റിൽ എത്തിയ റോബിൻ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ വിഷ്ണു വിനോദുമായി ചേർന്ന് ഇന്നിംഗ്സ് നയിച്ചു. രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു ശേഷം വിഷ്ണു (29) മടങ്ങി. ശേഷം സഞ്ജു ക്രീസിലെത്തി. വേഗത്തിൽ സ്കോർ ചെയ്ത സഞ്ജു മെല്ലെ കളി കേരളത്തിന് അനുകൂലമാക്കി. ഇതിനിടെ ഉത്തപ്പ (33) പുറത്തായി. സഞ്ജുവിനൊപ്പം മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഉത്തപ്പ കളം വിട്ടത്.
ഏറെ വൈകാതെ സഞ്ജുവും മടങ്ങി. 36 റൺസെടുത്ത സഞ്ജുവും പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. തുടർന്ന് മുൻ നായകൻ സച്ചിൻ ബേബിയും പൊന്നം രാഹുലും ക്രീസിലൊത്തു ചേർന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 32 റൺസെടുത്തു നിൽക്കെ സച്ചിൻ ബേബി മടങ്ങി. ഏറെ വൈകാതെ പൊന്നം രാഹുലും (35) പുറത്തായി. അക്ഷയ് ചന്ദ്രൻ (28), മുഹമ്മദ് അസ്‌ഹറുദ്ദീൻ (12) എന്നിവരാണ് മറ്റു സ്കോറർമാർ ബേസിൽ തമ്പി 8 റൺസെടുത്ത് പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here