ഗോരഖ്പുരിൽ കുട്ടികൾ മരിച്ച സംഭവം; ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ഡോ. കഫീൽ ഖാൻ

ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ഡോ. കഫീൽ ഖാൻ. വകുപ്പുതല അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കഫീൽ ഖാന്റെ പ്രതികരണം.

യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാതെ മരിച്ച കുട്ടികൾക്ക് നീതി ലഭിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് കഫീൽ ഖാൻ പറഞ്ഞു. ശ്വാസം ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാനെങ്കിലും ഉത്തർപ്രദേശിലെ യോഗി സർക്കാർ തയ്യാറാകണമെന്നും കഫീൽ ഖാൻ ആവശ്യപ്പെട്ടു. യുപി ആരോഗ്യമന്ത്രിയടക്കമുള്ളവരാണ് യഥാർത്ഥ കുറ്റവാളികളെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു. തന്റെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് വിശ്വാസമില്ല. മറ്റ് കേസുകളിൽ കുടുക്കി ജയിലിൽ അടച്ചേക്കാം. ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു. അതേസമയം, കൊലപാതകി എന്ന മുദ്ര മാറിയതിൽ സന്തോഷമുണ്ടെന്നും കഫീൽ ഖാൻ പ്രതികരിച്ചു.

2017 ആഗസ്റ്റിൽ അറുപതിലേറെ കുട്ടികളാണ് ഗോരഖ്പൂരിൽ മരണപ്പെട്ടത്. ഓക്സിജൻ വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകി. കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്. തുടർന്ന് 2019 ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിനിടെ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top