2024 ൽ ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കും; ശശി തരൂരിനെ തോൽപിക്കുമെന്ന് ശ്രീശാന്ത്

2024 ൽ ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തിരുവനന്തപുരത്ത് ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ പരാമർശം.

താൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം തനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താൻ അദ്ദേഹത്തെ തോൽപ്പിക്കും. അതിൽ ഒരു സംശയവും വേണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. 2016ൽ ബിജെപി ടിക്കറ്റിൽ ശ്രീശാന്ത് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കനത്ത പരാജയമായിരുന്നു ശ്രീശാന്ത് അന്ന് ഏറ്റുവാങ്ങിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശ്രീശാന്തിന് ലഭിച്ചത് 34764 വോട്ടുകളായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെ സന്ദർശിച്ച ശേഷമാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതോടെ താനിപ്പോഴും ബിജെപിയിലാണെന്ന് വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ വെട്ടിച്ചുരുക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top