ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും രണ്ടാഴ്ച്ചയ്ക്കകം നൽകണമെന്ന് സുപ്രിംകോടതി

2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽക്കീസ് ബാനുവിന് സുപ്രിംകോടതി അനുവദിച്ച നഷ്ടപരിഹാര തുക ഉടൻ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഉത്തരവ്. നഷ്ടപരിഹാര തുകയായ 50 ലക്ഷവും ജോലിയും രണ്ടാഴ്ച്ചയ്ക്കകം നൽകണമെന്നാണ് സുപ്രിംകോടതി ഉത്തരവ്.
ബിൽകിസ് ബാനുവിന് സർക്കാർ ജോലിയും വീടും നൽകണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സർക്കാർ പാലിച്ചിട്ടില്ല. ഇവയെല്ലാം നൽകണമെന്ന് സുപ്രീംകോടതി കർശന നിർദേശം നൽകി. ബിൽകിസ് ബാനു നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ രധിക് പൂർ ഗ്രാമത്തിലായിരുന്നു ബിൽകിസ് ബാനുവും കുടുംബവും കഴിഞ്ഞിരുന്നത്. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബിൽകിസിന് കണ്ടുനിൽക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗർഭിണിയായ ബിൽകിസിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു.
ദുർവിധിക്ക് മുന്നിൽ തോറ്റ് പിൻമാറാതെ നിയമപരമായി പോരാടാൻ തന്നെ ബിൽക്കിസ് ബാനു തീരുമാനിച്ചു. ബിൽക്കിസിന്റെ പരാതി സ്വീകരിക്കാൻ ഗുജറാത്ത് പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ച ബിൽക്കിസിന്റെ കേസ് സിഐഡി രജിസ്റ്റർ ചെയ്തു. എന്നാൽ കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്.
ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവായി. 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here