‘നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തന്നെ പോലെ പോരാടുന്ന സ്ത്രീകൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും’: ബിൽക്കിസ് ബാനു

സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തന്നെ പോലെ പോരാടുന്ന സ്ത്രീകൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിക്കുമെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽക്കിസ് ബാനു. സുപ്രീംകോടതിയിൽ സന്തോഷമുണ്ട്. താൻ അനുഭവിച്ച വേദന കോടതി മനസിലാക്കി. തനിക്ക് വേണ്ടി ഗുജറാത്ത് സർക്കാർ ഒന്നു ചെയ്തില്ലെന്നും ബിൽക്കിസ് ബാനു പറഞ്ഞു. ഭർത്താവ് അയൂബിനും നാലുവയസുകാരി മകൾക്കുമൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിൽക്കിസ് ബാനു ഇക്കാര്യം വ്യക്തമാക്കിയത്
തന്റെ കണ്ണുകളിൽ നിന്നും ആ കാപാലികരുടെ ക്രൂരതയും മോളുടെ രോദനവും ഇപ്പോഴും മായുന്നില്ലെന്ന് ബിൽക്കിസ് ബാനു പറഞ്ഞു. മകളുടെ മയ്യിത്ത് കിട്ടിയില്ലെന്നു മാത്രമല്ല, അടക്കം ചെയ്തുവോ എന്ന് പോലുമറിഞ്ഞില്ല. മകളുടെ ഖബറിടമെങ്കിലും ഒന്ന് കണ്ടുകിട്ടാനായി നിരവധി സ്ഥലങ്ങളിൽ അലഞ്ഞു. ആ ഖബറിടമൊന്ന് കണ്ടിരുന്നുവെങ്കിൽ അവൾ അവിടെയുണ്ടെന്ന് എനിക്കുറപ്പിക്കാമായിരുന്നു. ഖബറിൽ പോലും അടക്കാത്ത മകളുടെ ആത്മാവിന് വേണ്ടി താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയല്ലാതെ എന്തു ചെയ്യാനാണ്? മകളെ സ്വർഗത്തിൽ കാണിച്ചു തരണമെന്നാണ് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതെന്നും ബിൽക്കിസ് ബാനു പറഞ്ഞു.
ബിൽകിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും, താമസ സൗകര്യവും ജോലിയും ഗുജറാത്ത് സർക്കാർ നൽകണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബിൽകിസ് ബാനു മാധ്യമങ്ങളെ കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here