ബിൽക്കിസ് ബാനോ കേസ്: പ്രതികൾ കീഴടങ്ങി, സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു

ബിൽക്കിസ് ബാനോ കൂട്ടബലാല്‍സംഗക്കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും കീഴടങ്ങി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഞായറാഴ്ച രാത്രിയാണ് ഇവർ കീഴടങ്ങിയത്. സിംഗ്വാദ് രന്ധിക്പൂരിൽ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ എത്തിയത്. സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം തേടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളിയിരുന്നു. വിധി പറഞ്ഞപ്പോള്‍ത്തന്നെ ജയിലിലേക്ക് മടങ്ങാന്‍ രണ്ടാഴ്ച സാവകാശം നല്‍കിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതുതായി പറയുന്ന കാരണങ്ങളൊന്നും കൂടുതല്‍ സമയം നല്‍കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യം, കുടുംബകാര്യങ്ങള്‍, മകന്റെ വിവാഹം, വിളവെടുപ്പുകാലം, മാതാപിതാക്കളുടെ അസുഖം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
കുറ്റവാളികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ഈ മാസം എട്ടിന് റദ്ദാക്കിയിരുന്നു. പ്രതികളുടെ മോചനം റദ്ദാക്കി അതേ ബെഞ്ച് തന്നെയാണ് പുതിയ ഹര്‍ജികളും പരിഗണിച്ചത്. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോയെ കൂട്ടബലാല്‍സംഗം ചെയ്യുകയും രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്.
Story Highlights: Bilkis Bano case convicts surrender as Supreme Court deadline expires
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here