ജമ്മു കശ്മീർ വിഷയം; ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും

ജമ്മുകശ്മീരിൽ ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കുട്ടികൾ വീട്ടുതടങ്കലിലാണെന്ന ആരോപണവും പരിഗണിക്കും. കശ്മീരിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും സമർപ്പിച്ച സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് വരും.

ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് പരിഗണിക്കുന്നത്. കുട്ടികൾ വീട്ടുതടങ്കലിലാണെന്ന ആരോപണം പരിശോധിക്കാൻ ജമ്മുകശ്മീർ ഹൈക്കോടതിയ്ക്ക് കീഴിലെ ജുവനൈൽ ജസ്റ്റിസ് സമിതിയെ കഴിഞ്ഞതവണ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ട് കോടതി പരിശോധിക്കും. ആരോപണം വ്യാജമാണെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ഹർജിക്കാരിയായ എണാക്ഷി ഗാംഗുലിയ്ക്ക് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചേക്കും. വ്യാപാരിയായ ഭർത്താവ് മുബീൻ ഷായെ വീട്ടിൽ കടന്നുകയറി സുരക്ഷാസേന അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ആസിഫ മുബീൻ സമർപ്പിച്ച ഹർജിയിലും കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top