Advertisement

ജിഷ്ണു പ്രണോയ് കേസ്; സിബിഐ നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മഹിജ

September 30, 2019
Google News 1 minute Read

ജിഷ്ണു പ്രണോയ് കേസിൽ നെഹ്‌റു കോളജ് ചെയർമാൻ പി കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിക്കെതിരെ കുടുംബം രംഗത്ത്. നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. അതേസമയം, തന്നെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണിച്ച കേസ് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സിബിഐയിലേക്ക് എത്തിയത്. തുടക്കത്തിൽ അഞ്ച് പ്രതികളുണ്ടായിരുന്നത് സിബിഐ കുറ്റപത്രം വന്നപ്പോൾ രണ്ടായി ചുരുങ്ങി. നെഹ്‌റു കോളജ് ചെയർമാൻ പി കൃഷ്ണദാസിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത് അട്ടിമറിയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ കുറ്റപത്രത്തിലെ വിവരങ്ങൾ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒഴിവാക്കിയെങ്കിൽ സന്തോഷമെന്നായിരുന്നു പി കൃഷ്ണദാസിന്റെ പ്രതികരണം. കുറ്റപത്രത്തിൽ നിന്ന് കൃഷ്ണദാസിനെ ഒഴിവാക്കിയതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം.

Read Also : ജിഷ്ണുവിന്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി; 24 എക്‌സ്‌ക്ലൂസിവ്

കോപ്പിയടി ആരോപണമാണ് ജിഷ്ണുവിനെ ആത്മഹത്യയ്ക്ക് പ്രേരിരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പലിനെതിരെയും ഇൻവിജിലേറ്ററിനെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എൻ ശക്തിവേലിനും സിപി പ്രവീണിനുമെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിരിക്കുന്നത്. കൊലപാതകം തെളിയിക്കാൻ സാധിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

2017 ജനുവരി ആറിന് വൈകിട്ടാണ് ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിൽ തോർത്തിൽ തൂങ്ങിയ നിലയിൽ ജിഷ്ണുവിനെ സഹപാഠികൾ കണ്ടെത്തുന്നത്. വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതർ കൈക്കൊണ്ട നടപടിയിൽ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കോളജിലെ ഇടിമുറിയും അവിടെ കണ്ട രക്തക്കറയും കേസിലെ ദുരൂഹതകൾ വർധിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here