ജിഷ്ണുവിന്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി; 24 എക്‌സ്‌ക്ലൂസിവ്

– ശ്രീജിത്ത് ശ്രീകുമാരൻ

ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമല്ല ആത്മഹത്യയെന്ന് സിബിഐ. സിബിഐ ഇത് സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ നിന്ന് നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്.

കോപ്പിയടി ആരോപണമാണ് ജിഷ്ണുവിനെ ആത്മഹത്യയ്ക്ക് പ്രേരിരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പലിനെതിരെയും ഇൻവിജിലേറ്ററിനെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എൻ ശക്തിവേലിനും സിപി പ്രവീണിനുമെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിരിക്കുന്നത്. കൊലപാതകം തെളിയിക്കാൻ സാധിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

2017 ജനുവരി ആറിനു വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോർത്തിൽ തൂങ്ങിയ നിലയിൽ ജിഷ്ണുവിനെ സഹപാഠികൾ കണ്ടെത്തുന്നത്. വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതർ കൈക്കൊണ്ട നടപടിയിൽ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കോളജിലെ  ഇടിമുറിയും അവിടെ കണ്ട രക്തക്കറയും കേസിലെ ദുരൂഹതകൾ വർധിപ്പിച്ചു.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരന്തര പോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രിംകോടതി നിർദേശത്തിനൊടുവിൽ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top