ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി: കേന്ദ്രസർക്കാർ നാലാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികളിൽ നാലാഴ്ചക്കകം കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്രനിലപാടിൽ ഹർജിക്കാർക്ക് മറുപടി നൽകാൻ ഒരാഴ്ച സമയവും അനുവദിച്ചു. അതേസമയം, തന്റെ വീട്ടുതടങ്കൽ നിയമവിരുദ്ധമായിരുന്നു എന്ന് പ്രഖ്യാപിക്കണമെന്ന് കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു.
അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹർജികളാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. എതിർ സത്യവാങ്മൂലം സമർപിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നാലാഴ്ച സമയം ആവശ്യപ്പെട്ടു. ഇതിനെ ഹർജിക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളും തടങ്കലുകളും ചോദ്യം ചെയ്ത ഹർജികൾ ജസ്റ്റിസ് എൻ.വി. രമണ തന്നെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ആരാഞ്ഞു. നെറ്റ് അനുവദിച്ചാൽ അതിർത്തിയിൽ നിന്ന് വാട്‌സാപ്പ് സന്ദേശങ്ങളുടെ ഒഴുക്കുണ്ടാകുമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വാതന്ത്ര്യവും രാജ്യ സുരക്ഷയും ഒരുമിച്ചു പോകേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു. എല്ലാ ഹർജികളും നവംബർ പതിനാറിന് പരിഗണിക്കാനായി മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here