ഗർഭിണിയായപ്പോൾ നൈക്കി സ്പോൺസർ സ്ഥാനം ഒഴിഞ്ഞു; അമ്മയായി 10 മാസങ്ങൾക്കു ശേഷം ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് അലിസൺ ഫെലിക്സ്

ചില കഥകൾക്ക് വല്ലാത്ത കരുത്താണ്. അത്തരത്തിലൊരു കഥയാണ് അമേരിക്കൻ വനിതാ സ്പ്രിൻ്റർ അലിസൺ ഫെലിക്സിൻ്റേത്. ഗർഭിണിയായപ്പോൾ ആഗോള ബ്രാൻഡായ നൈക്കി അലിസണിൻ്റെ സ്പോൺസർഷിപ്പ് സ്ഥാനം ഒഴിഞ്ഞു. ആ ഒഴിവാക്കലിൽ നിന്നു കരുത്താർജിച്ച അവർ അമ്മയായതിനു ശേഷം, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡാണ് തിരുത്തി എഴുതിയത്.

4*400 മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയാണ് അലിസൺ ബോൾട്ടിൻ്റെ റെക്കോർഡ് തകർത്തത്. ഈ നേട്ടത്തോടെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 12-ാം സ്വർണം സ്വന്തമാക്കിയ അലിസൺ ഏറ്റവും കൂടുതൽ തവണ ലോക മീറ്റിൽ സ്വർണമണിയുന്ന താരമായി മാറി. ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിൻ്റെ സ്വർണ്ണ സമ്പാദ്യം 11 ആണ്.

2017 ഡിസംബറിലാണ് നൈക്കി അലിസണുമായുള്ള സപോൺസർഷിപ്പ് ഒഴിച്ചത്. ഗർഭിണിയായെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നര വർഷം നീണ്ട സ്പോൺസർഷിപ്പിനു ശേഷം നൈക്കി സ്ഥാനമൊഴികുകയായിരുന്നു. ഇക്കൊല്ലം ഓഗസ്റ്റിൽ നൈക്കി തങ്ങളുടെ പോളിസി മാറ്റി ഗർഭിണിയായ അത്‌ലറ്റുകൾക്കും സ്പോൺസർഷിപ്പ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2005 മുതലാണ് ലോക മീറ്റിൽ അലിസൺ ഫെലിക്സ് സ്വർണ്ണവേട്ട തുടങ്ങിയത്. 200 മീറ്ററിൽ മൂന്നു തവണ, 400 മീറ്ററിൽ ഒരു തവണ, 4*100 മീറ്റർ വനിത റിലേയിൽ മൂന്നു തവണ, 4*400 മീറ്റർ റിലേയിൽ നാലു തവണ. എന്നിങ്ങനെയാണ് കഴിഞ്ഞ കാലങ്ങളിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രാക്കിൽ നിന്നും അലിസൺ സ്വർണ്ണം വാരിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top