നിലമ്പൂർ നാടുകാണി ചുരം വഴിയുള്ള ഗതാഗതം താത്ക്കാലികമായി പുനഃസ്ഥാപിച്ചു

നിലമ്പൂർ നാടുകാണി ചുരം വഴിയുള്ള ഗതാഗതം താത്ക്കാലികമായി പുനഃസ്ഥാപിച്ചു. ഇന്നു മുതൽ ചെറു വാഹനങ്ങൾക്ക് ഒറ്റ വരിയായി കടന്നുപോകാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. ചുരത്തിൽ പലയിടങ്ങളിലായി ഉരുൾപൊട്ടലുണ്ടാവുകയും റോഡിൽ വിള്ളൽ കണ്ടെത്തുകയും ചെയ്തതോടെയാണ് അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിരോധിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് റോഡിൽ പാറക്കൂട്ടങ്ങൾ വന്നടിഞ്ഞ് ഓഗസ്റ്റ് എട്ടിനാണ് അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ ഗതാഗതം മുടങ്ങിയത്. പാറക്കൂട്ടങ്ങൾ നീക്കം ചെയ്ത് രണ്ട് ദിവസം ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും, ജാറത്തിനു സമീപം മണ്ണ് താഴ്ന്ന ഭാഗത്ത് അപകടഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിരോധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ചുരംപാതയുടെ പുനർനിർമാണം, ഗതാഗതം പുനസ്ഥാപിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിതിന് ശേഷമാണ് വാഹനങ്ങൾ കടത്തിവിടാൻ ധാരണയായത്. കഴിഞ്ഞ 10 ദിവസമായി റോഡിൽ രൂപപ്പെട്ട വിള്ളലും താഴ്ചയും വർധിക്കുന്നില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ ചെറു വാഹനങ്ങൾക്ക് ഒറ്റവരിയായി കടന്നുപോകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
അന്തർ സംസ്ഥാന ബസുകൾ ജാറത്തിനു മുൻപായി യാത്രക്കാരെ ഇറക്കിയ ശേഷം കടന്നു പോകുന്നതിനും അനുമതി നൽകിയിട്ടുണ്ട്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്ത്കൂടി വാഹനങ്ങൾ അതീവ ജാഗ്രതയോടെ മുന്നറിയിപ്പുകൾ പാലിച്ചു മാത്രമേ കടന്നുപോകാവൂ എന്നും കർശന നിർദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here