വിളിച്ചത് ചെറിയ വേഷം അഭിനയിക്കാൻ; അവിചാരിതമായി നായികയായി: മനോഹരം നായിക അപർണ ദാസ് ട്വന്റിഫോറിനോട്

തന്നെ സിനിമയിലേക്ക് വിളിച്ചത് ചെറിയ ഒരു വേഷം ചെയ്യാനായിരുന്നുവെന്ന് മനോഹരം സിനിമയിലെ നായിക അപർണ ദാസ്. ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിൽ അവതരിപ്പിച്ച ചെറിയ വേഷം കണ്ടാണ് മനോഹരത്തിലേക്ക് വിളിക്കുന്നതെന്നും നായികയായത് അവിചാരിതമായാണെന്നും അപർണ പറഞ്ഞു. ട്വൻ്റിഫോർ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഒരു ചെറിയ വേഷത്തിനാണ് എന്നെ ആദ്യം കാസ്റ്റ് ചെയ്തത്. അത് ചെയ്യാനിരിക്കുമ്പോ സിനിമയുടെ സംവിധായകൻ അൻവർ സാദിഖ് എന്നെ വിളിച്ചിട്ട് ഒരു ഓഡിഷനു വരാൻ പറ്റുമോ എന്ന് ചോദിച്ചു. ഓഡിഷൻ ചെയ്തു കഴിഞ്ഞ് സെലക്ടായപ്പോഴാണ് നായികയ്ക്ക് വേണ്ടിയുള്ള ഓഡിഷനാണ് കഴിഞ്ഞതെന്ന് മനസ്സിലായത്. അത് വളരെ അവിചാരിതമായിരുന്നു”- അപർണ പറഞ്ഞു.

സെലക്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ക്യാമ്പും ഷൂട്ടിംഗും തുടങ്ങിയെന്നും എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു. സ്വന്തം നാട്ടിൽ തന്നെയായിരുന്നു ഷൂട്ടിംഗ്. പാലക്കാട് നെന്മാറയിൽ സ്ഥിമായി പോകുന്ന അമ്പലം, നാട്ടുകാർ. ആദ്യം ഷൂട്ട് ചെയ്ത സീൻ താൻ ആ അമ്പലത്തിൽ തൊഴുത് ഇറങ്ങി വരുന്ന സീനായിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. പാലക്കാടൻ ചൂട് സഹിക്കാൻ കഴിയാത്തതായിരുന്നുവെന്നും അപർണ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top