Advertisement

സിപിഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എൽദോ എബ്രഹാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

October 3, 2019
Google News 0 minutes Read

സിപിഐ നടത്തിയ എറണാകുളം ഡിഐജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവരടക്കമുള്ള 10 പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഹാജരാകുന്ന ദിവസം തന്നെ മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ നിർദേശം നൽകി.

ജൂലൈ 23ന് എറണാകുളം ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് എൽദോ എബ്രഹാം, പി രാജു ഉൾപ്പടെയുള്ള പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃതമായി സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവയാണ് ഇവർക്കെതിരെ പൊലീസ് രേഖപ്പെടുത്തിയ കേസ്. പി രാജു ഒന്നാം പ്രതിയും എൽദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഹർജിയിലെ ആരോപണം. ലാത്തിച്ചാർജ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മർദനത്തിന് നേതൃത്വം നൽകിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയപരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് തങ്ങൾക്കെതിരെയുള്ളതെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അന്ന് തന്നെ മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. വരും ദിവസങ്ങളിൽ ഇരുവരും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകാനാണ് സാധ്യത. നേരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലിയെ അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here