‘വെറുമൊരു ഇരുകാലി മൃഗമാണ് ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ചു’: ജല്ലിക്കട്ട് കണ്ട അനുഭവം പറഞ്ഞ് സാജിദ് യഹിയ

പ്രേക്ഷകർ ഏറെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കട്ട് നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ആന്റണി വർഗീസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര ചലചിത്ര മേളകളിൽ മികച്ച അഭിപ്രായം നേടിയ ജല്ലിക്കട്ട് കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. സ്ലോ ബർണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു എൽഎസ്ഡി അനുഭൂതിയാണ് ഈ ചലച്ചിത്രമെന്ന് സാജിദ് ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമയാണ് ജല്ലിക്കട്ട്. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന നിരവധി ഫ്രെയിമുകൾ ചിത്രത്തിലുണ്ട്. സിനിമയിലെ നായകൻ സംവിധായകന്റെ തലച്ചോറാണെന്ന് പറയുകയാണ് ജല്ലിക്കട്ടെന്നും സാജിദ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൽജെപി അഥവാ ഒരു മാവെറിക്ക് മലയാളി!
കുറച്ച് നാളുകൾക്ക് മുമ്പാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനിൽ എനിക്ക് സാക്ഷാൽ ലിജോ ജോസ് പെല്ലിശേരി കാണിച്ചുതരുന്നത്.
തുടങ്ങി സ്ലോ ബർണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു എൽഎസ്ഡി അനുഭൂതിയാണ് ഈ ചലച്ചിത്രം. തുടക്കവും ഒടുക്കവും ഒന്നാവുന്ന , കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതിൽ.
സിനിമയിൽ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകൾ, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ‘സിനിമയിലെ നായകൻ സംവിധായകന്റെ തലച്ചോറാണെന്ന്’. അയാൾ കണ്ട സ്വപ്‌നങ്ങൾക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതൽ ആളുകൾ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനിൽപ്പ് എന്നെന്നും ഇടയ്‌ക്കൊക്കെ ഇറങ്ങുന്ന ഒരു ജെല്ലിക്കെട്ടിൽ ആശ്രയിച്ച് തന്നെ ഇരിക്കും.
ഇന്ന് ജോക്കർ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികൾ നാളെ ജെല്ലിക്കെട്ട് കാണുമ്പോൾ തീർച്ചയായും പറയും Mollywood is becoming international’എന്ന് . !
കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാൾ മാത്രമാണ്. സിനിമയിലെ ഞാൻ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാൾ ആണ്. എന്റെ മാനസഗുരുവും മറ്റൊരാൾ അല്ല!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here