ഹെൽമറ്റില്ല; ചരുവം തലയിൽ വെച്ച് യുവതിയുടെ ഇരുചക്ര വാഹന യാത്ര: വീഡിയോ വൈറൽ

ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതോടെ വാഹനമുള്ളവരൊക്കെ പെട്ടിരിക്കുകയാണ്. വല്ല വിധേനയും ഭീമമായ പിഴകളിൽ നിന്ന് രക്ഷ നേടാൻ ആളുകൾ നെട്ടോട്ടമാണ്. ഇതിനിടയിലും ചില വിരുതന്മാർ ഇതിൽ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ട്. അത്തരത്തിലൊരു ‘വിരുത’യാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
തലയിൽ ചെറിയ ഒരു ചരുവം വെച്ച് ഇരുചക്ര വാഹനം ഓടിക്കുകയാണ് ഒരു സ്ത്രീ. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു തൊട്ടുപിന്നിൽ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. 40 സെക്കൻഡോളമുള്ള വീഡിയോ ഒരാഴ്ച മുൻപാണ് അപ്ലോഡ് ചെയ്തതെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. ഹെൽമറ്റ് മാറിപ്പോയതാവാമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലരാവട്ടെ ഇത് ഒരു നല്ല ഐഡിയയാണെന്ന് പറയുന്നു.
അടുത്തിടെ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശുകാരനായ യുവാവിനു പിഴയീടാക്കിയ സംഭവം വിവാദമായിരുന്നു. ഹെൽമറ്റ് ധരിച്ചില്ലെന്നു കാട്ടി 500 രൂപ പിഴയുടെ ഇ-ചെലാൻ ആണ് യുവാവിനു ലഭിച്ചത്. ഇയാളുടെ കാർ നമ്പരാണ് ചെലാനിൽ രേഖപ്പെടുത്തിയിരുന്നത്. പിഴ അടക്കാൻ കാറിൽ, ഹെൽമറ്റ് ധരിച്ച് ട്രാഫിക് പൊലീസ് ഓഫീസറുടെ അടുത്തേക്ക് പോകുമ്പോഴാണ് മാധ്യമങ്ങൾ ഇയാളെ ശ്രദ്ധിച്ചതും വാർത്ത ആയതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here