Advertisement

രാഷ്ട്രീയം ഇങ്ങനെ തന്നെ പറയണം; ജല്ലിക്കട്ട് ഞെട്ടിക്കും മലയാളികളെ

October 4, 2019
Google News 1 minute Read

ദൃശ്യ ശ്രാവ്യ വിന്യാസംകൊണ്ട് കാഴ്ചയുടെ പുതിയൊരു ലോകം തീർക്കുകയാണ് ജല്ലിക്കട്ട്. അതിനൊപ്പം വ്യക്തമായി പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയവും. ഈ.മ.യൗ എന്ന ജീവിത സ്പർശിയായ ദൃശ്യാവിഷ്‌കാരത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ അത്രമേൽ പ്രതീക്ഷയർപ്പിച്ച ചിത്രം. പ്രേക്ഷകർ പ്രതീക്ഷിച്ചതിനപ്പുറമാണ് ഒരു പക്ഷേ ജല്ലിക്കട്ട്.

രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രശംസ പിടിച്ചുപറ്റിയാണ് ജല്ലിക്കട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന്റെ ട്രെയിലറും മേക്കിംഗ് ടീസറും പുറത്തുവന്നതോടെ സിനിമ എത്രത്തോളം ഉദ്വേഗജനകമായിരിക്കുമെന്ന് കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ജല്ലിക്കട്ടിൽ പ്രേക്ഷകർ അർപ്പിച്ച പ്രതീക്ഷയുടെ പ്രതിഫലനമായി, ടൈറ്റിൽ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഉയർന്ന മിനിട്ടുകൾ നീണ്ട ആ ഹർഷാരവം. സ്‌ക്രീനിൽ നിന്നും ഒരു തവണ പോലും കണ്ണുതെറ്റിക്കാതെ, ഒരിക്കൽ പോലും വിരസമാക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ തന്നെയാണ് ജല്ലിക്കട്ടിലുള്ളത്. അറക്കാൻ നിർത്തിയിരുന്ന പോത്ത് ചിതറിയോടി ഒരു നാടിനെ ഭീതിയിലാഴ്ത്തുമ്പോൾ പ്രേക്ഷകരും ആ നാടിനൊപ്പം, അവരുടെ ഭയത്തിനൊപ്പം നിലയുറച്ചുപോകും. ഒരു സീൻ കഴിയുമ്പോൾ അടുത്തത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആവേശം. ലിജോ ജോസ് പെല്ലിശേരി പറയാൻ ഉദ്ദേശിച്ചത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ലിജോയ്ക്ക് മാത്രമല്ല, ലിജോക്കൊപ്പം അണിനിരന്ന ക്യാമറാമാൻ മുതൽ കളറിസ്റ്റ് വരെ എല്ലാവർക്കും നൽകണം വലിയൊരു കൈയടി.

ഒരു പോത്ത് സൃഷ്ടിക്കുന്ന ഭീതിയിലൂടെ പറഞ്ഞുവയ്ക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയമാണ് ഹൈലൈറ്റ്. വർക്കിയിലൂടെ (ചെമ്പൻ വിനോദ്), ആന്റണിയിലൂടെ (ആന്റണി വർഗീസ്), കുട്ടിച്ചനിലൂടെ (സാബുമോൻ) ലിജോ ജോസ് തുറന്നുകാട്ടുന്നത് മനുഷ്യനിൽ രൂപപ്പെടുന്ന മറ്റൊരു മുഖത്തിന്റെ യഥാർത്ഥ വശത്തെയാണ്. ഒരു പോത്തിന്റെ വിവേകം പോലും മനുഷ്യനില്ലല്ലോ എന്ന് ആലോചിച്ചുപോകുന്നതാണ് ചില നിമിഷങ്ങൾ. പേര് വെളിപ്പെടുത്താതെ, ഒരു നാടിനെ അടയാളപ്പെടുത്തുന്നതിനൊപ്പം അവിടുത്തെ മലയും, വീടും, തോട്ടങ്ങളും, പൊട്ടക്കിണറും, തൂക്കു പാലവും, അരുവിയും, കോഴിയും ഉൾപ്പെടെയാണ് അടയാളങ്ങളാകുന്നത്. വിരലിലെണ്ണാവുന്ന ചില മുഖങ്ങൾ മാത്രമാണ് പരിചയമുള്ളതെങ്കിലും അതിനപ്പുറത്തേക്ക് ആസ്വാദകരുടെ കാഴ്ചയെ വികസിപ്പിക്കുന്നത് പേര് പോലും വ്യക്തമല്ലാത്ത ഒരു കൂട്ടം മനുഷ്യരാണ്.

ശക്തമായ തിരക്കഥ

എസ് ഹരീഷ് എന്ന കഥാകൃത്തിനെ, സ്‌ക്രിപ്റ്റ് റൈറ്റർ എന്ന നിലയിലും അടയാളപ്പെടുത്തുന്നതാണ് ജല്ലിക്കട്ട്. ഹരീഷിനൊപ്പം ആർ ജയകുമാറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയുടെ ഒരു ഭാഗമാണ് ജല്ലിക്കട്ടായി രൂപാന്തരപ്പെട്ടത്. ശക്തമായ തിരക്കഥ തന്നെയാണ് ജല്ലിക്കട്ടിന്റെതെന്ന് പറയാം. രണ്ട് കാലിലാണ് ഓടുന്നതെങ്കിലും മനുഷ്യൻ മൃഗമാണെന്നും പോത്തിന്റെ മറ്റൊരു പേരാണ് മഹിഷയെന്നുമൊക്കെ ചിത്രം പറയുന്നുണ്ട്. അത് മനപൂർവം ചിത്രം പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയമാണ്.

ദൃശ്യവും ശബ്ദവും

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരിയും ഗീരീഷ് ഗംഗാധരനും ഒന്നിക്കുകയാണ് ജല്ലിക്കട്ടിൽ. ലിജോ ജോസ് മനസിൽ കണ്ടത് മികവോടെ ചിത്രീകരിക്കാൻ ഗീരീഷിന് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം. ഓരോ ഫ്രെയിമും മികവ് തെളിയിക്കുന്നതാണ്. ഇരുട്ടി വെളുക്കുമ്പോൾ ഒരു ഗ്രാമത്തിൽ ഇരുട്ട് പടരുന്നത് ഡാർക്ക് ലൈറ്റിലൂടെയാണ് പറഞ്ഞുപോകുന്നത്. അത് സ്വാഭാവികമല്ല, ബോധപൂർവമുള്ള സംവിധായകന്റെ കൂട്ടിച്ചേർക്കലാണ്. അത് ഭംഗിയായി പകർത്താൻ ഗിരീഷിന് സാധിച്ചു. കൈയിൽ പന്തവും ടോർച്ചുകളുമായി പോത്തിന് പിന്നാല, മലയിറങ്ങിയുള്ള മനുഷ്യന്റെ ഓട്ടം അതൊരു അദ്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെയാണ്. കിണറിന് മുകളിൽ കൂടി നിൽക്കുന്ന മനുഷ്യനിലേക്ക് പോത്തിന്റെ മുഖം ഫോക്കസ് ചെയ്ത് ക്യാമറ ചലിപ്പിച്ചപ്പോൾ അത് ഞെട്ടിച്ചു. മഞ്ഞ് മൂടിയ തൂക്കുപ്പാലത്തിലൂടെ ഭ്രാന്തുപിടിച്ച് ആന്റണി ഉൾപ്പെടെ ഓടുന്ന ഒരു സീനുണ്ട്. ആ ഒറ്റ സീൻ ഛായാഗ്രാഹകന്റെ മികവിനെ അടയാളപ്പെടുത്തുന്നു.

ദൃശ്യം മാത്രമല്ല, ശബ്ദവും ചേർന്നതാണ് ജല്ലിക്കട്ടെന്ന് ആദ്യമേ പറഞ്ഞല്ലോ. സ്വാഭാവിക ശബ്ദങ്ങളിൽ നിന്നാണ് ലിജോ ജോസ് സൗണ്ട്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നത്. അങ്കമാലി ഡയറീസിൽ അത് അനുഭവിച്ചറിഞ്ഞതുമാണ്. ആ ഒരു രീതി തന്നെയാണ് ജല്ലിക്കട്ടിലും ഉപയോഗിച്ചിരിക്കുന്നത്. തുടക്കത്തിൽ പോത്തിന്റെ തലക്കടിച്ച് കൊല്ലുന്ന ഒരു സീനുണ്ട്. അതിന്റെ ഭീകരത എത്രത്തോളമാണെന്ന് ശബ്ദത്തിലൂടെയാണ് കാഴ്ചക്കാർ അറിയുന്നത്. ഓരോ കഥാപാത്രത്തിന്റേയും ശ്വാസത്തിന്റെ ആഴം വരെ സിനിമ അളന്നു. മനുഷ്യന്റേയും മൃഗത്തിന്റേയും ശ്വാസം ഇടകലരുന്ന ശബ്ദാനുഭവവും ചിത്രം പങ്കുവച്ചു. ഒറിജിനൽ സ്‌കോർ-പ്രശാന്ത് പിള്ള, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്‌സ്- കണ്ണൻ ഗൺപത് എന്നിങ്ങനെയാണ് ചിത്രത്തിന്റെ ഓഡിയോ ക്രെഡിറ്റ്.

അഭിനയം

ഈ.മ.യൗവിൽ കണ്ട ചെമ്പനെയോ അങ്കമാലി ഡയറീസിൽ കണ്ട ആന്റണിയോ അല്ല ജല്ലിക്കട്ടിൽ കാണാൻ കഴിയുന്നത്. ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സാബുമോന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തലത്തേക്ക് കഥാപാത്രത്തെ എത്തിക്കാൻ സാബുമോന് കഴിഞ്ഞു. സാബുമോന്റെ അഭിനയപാടവത്തെ ലിജോ ജോസ് തിരിച്ചറിഞ്ഞ് പരീക്ഷിച്ച് വിജയിച്ചു എന്നു തന്നെ പറയാം. ജാഫർ ഇടുക്കിയും മികച്ച അഭിനയം കാഴ്ചവച്ചു. തന്റെ കഥാപാത്രത്തിന് ആവശ്യമുള്ളത് മാത്രം നൽകി ശാന്തി ബാലചന്ദ്രനും മികച്ചു നിന്നു. പേരറിയുന്നതും അറിയാത്തതുമായ ഫ്രെയിമിലെത്തിയ ഓരോ ആളുകളും അഭിനന്ദനം അർഹിക്കുന്നവർ തന്നെ. എല്ലാത്തിനും ഉപരി കേന്ദ്രകഥാപാത്രമായി എത്തിയ പോത്തിന്റെ അഭിനയവും പൊളിച്ചടുക്കി.

എന്തൊക്കെ അവകാശപ്പെടാനുണ്ടെങ്കിലും മനുഷ്യൻ ഇപ്പോഴും പ്രാകൃതലോകത്താണെന്ന് പറഞ്ഞുവയ്ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ മാത്രമല്ല, ഒരു കൂട്ടം ആളുകളുടെ എഫേർട്ടിന്റെ ആകെ തുകയാണ് ജല്ലിക്കട്ട്. പറഞ്ഞാലോ എഴുതിയാലോ ജല്ലിക്കട്ട് പൂർണമാകില്ല, അത് തിയേറ്ററിൽ കണ്ട് തന്നെ ആസ്വദിക്കേണ്ട അനുഭവമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here