ജോളിയുടെ എൻഐടിയിലെ ജോലി; തെറ്റിദ്ധരിപ്പിച്ചത് ഇങ്ങനെ

ജോളി എൻഐടിയിൽ ആണ് ജോലി ചെയ്തിരുന്നതെന്ന കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് മുൻ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചി. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ടോം തോമസ് തന്നെയാണ് ജോളിക്ക് ജോലി കിട്ടിയ വിവരം ഫോണിലൂടെ റഞ്ചിയോട് പറയുന്നത്.

പിതാവ് വളരെ സന്തോഷത്തിലായിരുന്നു കാര്യം പറഞ്ഞത്. ജോലി അടുത്തായിരുന്നതും പോയി വരാവുന്ന ദൂരത്തിലായിരുന്നതും പിതാവ് വളരെ ഉത്സാഹത്തിലായിരുന്നു പറഞ്ഞത്. 2005ൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ താൻ എംഎഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്.

2005 ഏപ്രിലിലാണ് താൻ എംഎഡ് കഴിഞ്ഞ് മദ്രാസിൽ നിന്ന് തിരിച്ച് വരുന്നത്. അന്ന് ജോളിയ്ക്ക് ജെആർഎഫ് ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. ജെആർഫ് ലഭിച്ചപ്പോൾ ജോലിക്കൊപ്പം കൊണ്ട് പോകമെന്നാണ് ജോളി പറഞ്ഞത്. ഇത് തന്നെ പിതാവും തന്നോട് പങ്ക് വച്ചു.

റോയി തോമസ് മരിച്ച സമയത്ത് എൻഐടിയിൽ നിന്ന് ആരും കാണാൻ വന്നില്ല. അപ്പോഴാണ് സംശയം തോന്നുന്നത്. അതിന് ശേഷം ജോളി അറിയാതെ ജോലി കാര്യം സഹോദരൻ റോജോ അന്വേഷിച്ചു. ജോലി നഷ്ടപ്പെട്ടെന്നാണ് അക്കാലയളവിൽ ജോളി പറഞ്ഞത്. റോജോ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു വ്യക്തി അവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞു.

എന്നാൽ തങ്ങൾ അന്വേഷണം നടത്തിയെന്ന് ജോളി അറിഞ്ഞു. റോജോയ്ക്ക് സംശയം ഉണ്ടായിരുന്നെങ്കിൽ തന്നോട് അത് നേരിട്ട് ചോദിക്കാമായിരുന്നും സർവ്വീസ് ബുക്ക് കാണിക്കാമായിരുന്നല്ലോ എന്നും ജോളി ഒരു ബന്ധുവിനോട് പ്രതികരിച്ചിരുന്നു.

കാരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് സർവീസ് ബുക്കില്ലെന്ന് ജോളിയ്ക്ക് അറിയില്ലായിരുന്നു.  ഭർത്താവ് മരിച്ചിരിക്കുന്ന അവസരത്തിൽ ഒരു സ്ത്രീയെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് പിന്നീട് ആ വിഷയത്തിൽ ചോദിക്കാഞ്ഞത്.

കേസ് ഇപ്പോൾ ഈ നിർണ്ണായക ഘട്ടത്തിലെത്തിയ സമയത്താണ് അമ്മ ജോലിയില്ലെന്ന് തന്നോട് പറഞ്ഞതെന്ന് മകൻ റോമോയും പറഞ്ഞു. കേസ് ഉദ്യോഗസ്ഥർ എൻഐടിയിൽ ചെന്ന് അന്വേഷിക്കുമ്പോൾ അത് പ്രശ്‌നമാകുമെന്ന് കരുതിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്ന് അമ്മ പറഞ്ഞെന്നും റോമോ പറഞ്ഞു.

ആദ്യം സുഹൃത്തിന്റെ സ്ഥാപനത്തിൽ ആണ് ജോലിയെന്നാണ് പറഞ്ഞത്. പിന്നീട് ഒരു ബ്യൂട്ടിപാർലറിലാണ് ജോലിയെന്നും പറഞ്ഞു.

പൊലീസ് ചോദ്യം ചെയ്യുന്നത് വരെ എൻഐടിയിൽ ലക്ചറർ ആണെന്ന് പറഞ്ഞ് തന്നെയും പറ്റിച്ചിരുന്നതായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും പറഞ്ഞിരുന്നു. അവർ കള്ളമാണ് പറഞ്ഞിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. എൻഐടിയിൽ ബിബിഎ ലക്ചറാണെന്നാണ് പറഞ്ഞിരുന്നത്.

പിഎച്ച്ഡി ചെയ്യുന്നതിനാൽ അവധിയിലാണെന്നും എന്നാലും ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയിലാണ്. ഒരു തവണ എൻ ഐടിയുടെ ഗേറ്റ് കടന്ന് കാറുമായി പോകുന്നത് കണ്ടിരുന്നു.

ഒരിക്കൽ എംകോമിന്റെയും യുജിസി നെറ്റിന്റെയും സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ച് തന്നിരുന്നു. അതുകൊണ്ട് സംശയിച്ചില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിക്കാര്യം കൂടുതലായി അന്വേഷിച്ചതുമില്ല.

ഇപ്പോൾ ചോദിക്കുമ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണ് പറയുന്നത്. ജോളി പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉള്ളതായി പൊലീസ് പറയുന്നുണ്ടെന്ന് അവർ തന്നെ പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്നും ഷാജു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More