ശബരിമല; മുഖ്യമന്ത്രിക്കൊപ്പമോ പാര്‍ട്ടിക്കൊപ്പമോ? മന്ത്രി കടകംപള്ളി സുരേന്ദ്രനോട് കുമ്മനം

ഫേസ്ബുക്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നടക്കുന്ന പോര് തുടരുന്നു. വട്ടിയൂര്‍ക്കാവ് സീറ്റിനെക്കുറിച്ച് ഉണ്ടായ ചര്‍ച്ചകളാണ് ഇരുവരും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോരടിക്കുന്നതു വരെ എത്തിയത്. കുമ്മനം രാജശേഖരൻ സര്‍ക്കാര്‍ ജോലി രാജിവച്ചതിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ്.

തന്നെ വിമര്‍ശിക്കുമ്പോള്‍ ഇനിയെങ്കിലും വസ്തുതകളെ കൂട്ടുപിടിക്കണമെന്ന് കുമ്മനം രാജശേഖരന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലി രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്താന്‍ തയാറാകണം. ശബരിമല വിഷയത്തില്‍ താങ്കള്‍ മുഖ്യമന്ത്രിക്കൊപ്പമാണോ പാര്‍ട്ടി വിലയിരുത്തലിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാര്‍ട്ടിയും അപവാദം പറഞ്ഞു നടക്കുന്നതില്‍ സഹതാപമുണ്ട്. സുപ്രീംകോടതിയില്‍ പരാതി നല്‍കിയ സ്ത്രീ ഇടതുപക്ഷ അനുഭാവിയായിരുന്ന കാലത്ത് നല്‍കിയ ഹര്‍ജിയാണ് അങ്ങ് ഇപ്പോഴും പൊക്കിപ്പിടിച്ചു നടക്കുന്നത്. സത്യം തിരിച്ചറിഞ്ഞ് അവര്‍ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സുപ്രീംകോടതി അത് അനുവദിക്കാഞ്ഞതാണെന്നും എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ വിശ്വാസികള്‍ക്ക് എതിരെയാണ് വിധിയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് ഒന്നു കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ അവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ? ഇത്തവണയും അതൊക്കെ ആവര്‍ത്തിക്കാനാണോ ഭാവം? ഇക്കാര്യങ്ങളാണ് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More