‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തവരെ പാകിസ്താനികളെന്നു വിളിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദമായപ്പോൾ മാപ്പപേക്ഷ: വീഡിയോ

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാത്തവരെ പാകിസ്താനികളെന്നു വിളിച്ച് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് പൊതുവേദിയിൽ വിവാദ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ പൊതുജനങ്ങളോട് സംവദിക്കാനായി എഴുന്നേറ്റ സൊനാലി, അവിടെ കൂടിയിരുന്ന ആളുകളോട് ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടു. ചിലർ മുദ്രാവാക്യം ഏറ്റുവിളിച്ചപ്പോൾ മറ്റു ചിലർ ഇതിനോട് പ്രതികരിച്ചില്ല. ഇതോടെയാണ് സൊനാലി വിവാദ പ്രസ്താവന നടത്തിയത്.

‘നിങ്ങൾ പാക്കിസ്താനിൽ നിന്നാണോ വരുന്നത്? നിങ്ങൾ പാകിസ്താനികളാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കണം. നിങ്ങൾ ഇന്ത്യക്കാരാണെന്നത് എനിക്ക് ലജ്ജയുണ്ടാക്കുന്നു. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല.’ – സൊനാലി ഫോഗട്ട് പറഞ്ഞു. സൊനാലിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ പ്രസ്താവന വിവാദമായി. തുടർന്നായിരുന്നു സൊനാലിയുടെ മാപ്പപേക്ഷ.

‘ഞാൻ ഭാരത് മാത കീ ജയ്’ പറയാൻ ആവശ്യപ്പെട്ടപ്പോൾ ചിലർ പ്രതികരിച്ചില്ല. അവരോട് നിങ്ങൾ പാകിസ്താനിൽ നിന്ന് വന്നവരാണോ എന്ന് ഞാൻ ചോദിച്ചു. ആ ചോദ്യത്തിൽ ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണം’- മാപ്പ് വീഡിയോയിലൂടെ അവർ പറഞ്ഞു.

ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ്ക്കെതിരെയാണ് സൊനാലി മത്സരിക്കുന്നത്. ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top