ചെ എന്ന വിപ്ലവ സൂര്യൻ

ലോക ജനത ഇത്രമേൽ നെഞ്ചിലേറ്റിയ ഒരു വിപ്ലവ നായകൻ ഉണ്ടാകില്ല. ഏർണസ്റ്റോ ഗെവാര ഡി ലാ സെർന, പ്രിയപ്പെട്ട ചെ. ഒരു വലിയ ചരിത്രം തന്റെ പേരിലെഴുതിവച്ച് മരണത്തെ തല ഉയർത്തി നേരിട്ട ആ ധീരനായകൻ വിടപറഞ്ഞിട്ട് 52 വർഷം തികയുകയാണ്. വിപ്ലവ വീര്യം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറി മരണത്തിന് അരനൂറ്റാണ്ടിനുമിപ്പുറം വിപ്ലവ സൂര്യനായി ചെ ജ്വലിച്ചു നിൽക്കുന്നു.

ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളാണ് ചെഗവാരയുടെ ഉള്ളിൽ വിപ്ലവത്തിന്റെ വിത്തുകൾ പാകിയത്. ഡോക്ടറാകാനാണ് ആഗ്രഹിച്ചതെങ്കിലും അതിനൊക്കെ അപ്പുറം തന്റെ നിയോഗം മറ്റൊന്നാണെന്ന് യാത്രകളിലൂടെ ചെ തിരിച്ചറിയുകയായിരുന്നു. ലാറ്റിനമേരിക്കയിലെ അടിസ്ഥാനവർഗത്തിന്റെ ജീവിത സാഹചര്യം എത്രത്തോളം വേദനാജനകമാണെന്ന് ചെ മനസിലാക്കി. കൊടിയ അനീതികൾക്കെതിരെ പോരാടണമെന്ന് അനുകമ്പയുള്ള ആർക്കും തോന്നാവുന്നതാണ്. എന്നാൽ അതിനായി രാജ്യാന്തര ഭൂഖണ്ഡയാത്രകൾ നടത്തുകയും അത്തരം പോരാട്ടങ്ങളിലേക്ക് പൂർണ മനസോടെ ഇറങ്ങി ചെല്ലുന്നതും നിസാര സംഗതിയല്ല. അവിടെയാണ് ചെ വ്യത്യസ്തനാകുന്നത്. ചെയുടെ ‘മോട്ടോർ സൈക്കിൾ ഡയറീസ്’ വായിച്ചവർക്കറിയാം യാത്രകൾ ചെയെ എത്രത്തോളം സ്വാധീനിച്ചുവെന്ന്. ഒരു ഡോക്ടറായി ഒതുങ്ങുകയല്ല വേണ്ടതെന്ന തിരിച്ചറിവിൽ നിന്ന് ചെ എന്ന വിപ്ലവകാരി ജനിക്കുകയായിരുന്നു.

‘വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ
കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും’

ചെ എന്ന വിപ്ലവകാരിയുടെ പിറവി

ഗ്വാട്ടിമാലയിൽ നിന്നാണ് ചെയെന്ന വിപ്ലവകാരിയുടെ ജീവിതം ആരംഭിക്കുന്നത്. മെച്ചപ്പെട്ട ഭരണം കാഴ്ചവച്ച അൻബൻസിന്റെ സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ ഐക്യനാടുകളുടെ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തിൽ ചെഗവാരയും പങ്കാളിയായി. എന്നാൽ അട്ടിമറിയെ എതിർത്ത് തോൽപിക്കാൻ ചെയ്ക്ക് ആയില്ല. എന്നാൽ ആ അനുഭവ പരിചയം തുടർന്നുള്ള ചെയുടെ പോരാട്ടങ്ങൾക്ക് പ്രചോദനമാകുകയായിരുന്നു.

 

‘സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു
മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാൻ വിശ്വസിക്കുന്നു’

ഫിദൽ കാസ്‌ട്രോയുമായുള്ള കണ്ടുമുട്ടൽ

ഗ്വാട്ടിമാലയിൽ നിന്ന് ചെ പോയത് മെക്‌സിക്കോയിലേക്കായിരുന്നു. അവിടെവച്ചാണ് ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്‌ട്രോയെ ചെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള കൂടിച്ചേരൽ ലോക വിപ്ലവ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമായാണ് വിലയിരുത്തുന്നത്. ക്യൂബയിൽ ഏകാധിപത്യ ഭരണം നയിച്ച ഫുൾഡജെൻസിയോ ബാറ്റിസ്റ്റയെ ചെയും കാസ്‌ട്രോയും ചേർന്ന് തുരത്തി. ചെയുടെ സായുധ വിപ്ലവം വിജയം നേടി ചരിത്രം കുറിച്ച നിമിഷം. ക്യൂബൻ വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചെയെ പിന്നീട് ‘സുപ്രിം പ്രോസിക്യൂട്ടറാ’യി നിയമിച്ചു. മുൻകാല ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത് ചെയായിരുന്നു. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗവാര പിന്നീട് ക്യൂബ വിട്ടു. ചെഗവേര ഉൾപ്പെടെയുള്ള വിപ്ലവകാരികളുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ് ക്യൂബയുടെ പിന്നീടുള്ള ജീവിതമെന്നുതന്നെ പറയാം.

‘ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന
ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്.
അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു’

ക്യൂബയിൽ നിന്ന് കോംഗോയിലേക്കും ബൊളീവിയേക്കും പടർന്ന വിപ്ലവ വീര്യം

ക്യൂബയിൽ ചെയ്ക്ക്‌ വേണമെങ്കിൽ സൈ്വര്യ ജീവിതം നയിക്കാമായിരുന്നു. എന്നാൽ ക്യൂബയിലെ സുഖ ജീവിതത്തിൽ ചെയ്ക്ക് സന്തോഷം കണ്ടെത്താനായില്ല. ചെയുടെ അടുത്ത ദൗത്യം കോംഗോയിലായിരുന്നു. മാർകിസ്റ്റ് പോരാളികളെ സഹായിക്കാൻ ക്യൂബയിൽ നിന്നുള്ള ഒരു സംഘം ആളുകളുമായി ചെ കോംഗോയിലേക്ക് പുറപ്പെട്ടു. എന്നാൽ ആ ഉദ്യമത്തിൽ വിജയം കാണാൻ ചെയ്ക്ക് കഴിഞ്ഞില്ല. ചെയുടെ കോംഗോ ഡയറി തുടങ്ങുന്നത് തന്നെ ഇതൊരു പരാജയത്തിന്റെ ചരിത്രമാണെന്ന മുഖവുരയോടെയാണ്. കോംഗോയിലെ പരാജയത്തെ തുടർന്നാണ് ചെ ബൊളീവിയയിലെത്തുന്നത്. അവിടെ നംഗാഹുവാസു നദിക്കരയിൽ ചെ ഒരു പരിശീലന ക്യാമ്പ് ഒരുക്കി. ക്യൂബ, പെറു, അർജന്റീന, ബൊളീവിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നും ഒരു സംഘത്തെ സായുധ വിപ്ലവത്തിനായി ചെ തയ്യാറാക്കി. എന്നാൽ അപ്രതീക്ഷിതമായുരുത്ത ചില സാഹചര്യങ്ങളെ തുടർന്ന് ചെ പിടിക്കപ്പെടുകയും സിഐഎയുടെ അധീനതയിലായിരുന്ന ബൊളീവിയൻ റേഞ്ചേഴ്‌സിനാൽ തടവിലാകുകയും ചെയ്തു.

‘കൊല്ലാം, പക്ഷേ തോൽപിക്കാനകില്ല’

ചെ വധിക്കപ്പെട്ടു

ഫെലിക്‌സ് റോഡ്രിഗസ് എന്ന ഉദ്യോഗസ്ഥനാണ് ചെഗുവേരയെ പിടിക്കാനുള്ള സിഐഎയുടെ തലവനായിരുന്നത്. വലിയൊരു മാർച്ചിന് ശേഷം പരുക്കേറ്റ കാലുമായി ചലനശേഷി കുറഞ്ഞ അവസ്ഥയിൽ ചെയെ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പിടികൂടിയ അന്ന് രാത്രിതന്നെ ചെയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്‌കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല. എന്നാൽ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ അദ്ദേഹം സംസാരിച്ചു.

പിറ്റേ ദിവസം രാവിലെ ആ ഗ്രാമത്തിലെ സ്‌കൂൾ അധ്യാപികയെ കാണണമെന്ന് ചെ ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോർട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. ‘അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല. തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം’. സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ആഡംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ ഈ സ്‌കൾ ഇങ്ങനെ കിടക്കുന്നത് ഒരു ശരിയായ രീതിയല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് തങ്ങൾ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും ചെ പറഞ്ഞുവച്ചു.

ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാൻ ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെയെ കൊല്ലാനുള്ള അധികാരം അയാൾ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുൾ മുമ്പ് ചെയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു ആ തീരുമാനത്തിന് കാരണം.

തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു ‘എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്ന് പതറിയെങ്കിലും തോക്ക് ചെയ്ക്ക് നേരേ നീട്ടി തുടരെ നിറയൊഴിച്ചു. തെരാൻ ഉതിർത്ത വെടിയുണ്ടകൾ ചെയുടെ നെഞ്ചിൽ തുളഞ്ഞുകയറി. ചെയുടെ മരണം ഉറപ്പാക്കുന്നത് വരെ മാരിയോ വെടിവയ്പ് തുടർന്നു.

‘ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്’

കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപും ചെ ചിന്തിച്ചത് വിപ്ലവത്തിന്റെ അനശ്വരതയെ കുറിച്ചായിരുന്നു. താൻ മരിച്ചാലും വിപ്ലവം തുടരാൻ അനേകം പേർ ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു കാലത്ത് ചെയെ പോലെയാകുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരാണ് ക്യൂബയിലെ ജനത. അത് ചെയുടെ വിശ്വാസത്തിന്റെ തുടർച്ചയാണ്. ലോകമെമ്പാടും അനീതിക്കെതിരെ പോരാടുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ ചെ ഒരു പ്രതീകമായി ഇന്നും ജ്വലിക്കുകയാണ്…, ഒരിക്കലും അസ്തമിക്കാത്ത സൂര്യനായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top