കടമറ്റത്ത് കത്തനാരുടെ പേരിൽ പണം തട്ടൽ, പീഡനം; വൈക്കത്ത് പിടിയിലായ ‘ദുർമന്ത്രവാദിക്ക്’ ഭാര്യമാർ ഏഴ്

ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിക്ക് വിവിധ ഭാഗങ്ങളിലായി ഏഴ് ഭാര്യമാരുണ്ടെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കത്ത് അറസ്റ്റിലായ കൊട്ടാരക്കര കിഴക്കേത്തെരുവ് മേലൂട്ടിൽ എം ജി ജോസ് പ്രകാശിനാണ് (56) വിവിധയിടങ്ങളിലായി ഏഴ് ഭാര്യമാരും നിരവധി മക്കളും ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ രണ്ടാം ഭാര്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കടമറ്റത്ത് കത്തനാരുടെ സേവ അവകാശപ്പെട്ട് ദുർമന്ത്രവാദത്തിലൂടെ ഇയാൾ പണം തട്ടിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ജോസ് പ്രകാശ്.
2014ലാണ് ജോസ് പ്രകാശ് പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സംഭവം മൂടിവയ്ക്കുകയായിരുന്നു. 2018 ൽ ആദ്യ കുർബാനയ്ക്ക് തലേന്ന് കുമ്പസാരവേളയിൽ പെൺകുട്ടി പീഡന വിവരം ഇടവക വികാരിയോട് പറഞ്ഞു. സംഭവം അറിഞ്ഞ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണം നടന്നെങ്കിലും കേസിൽ തുടർ നടപടി ഉണ്ടായില്ല. വൈക്കം സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്‌ഐയുടെ ഇടപെടലിനെ തുടർന്നാണ് കേസിന്റെ അടഞ്ഞ അധ്യായം തുറന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഏഴാം ഭാര്യയുടെ വീട്ടിൽ നിന്ന് ജോസ് പ്രകാശിനെ പിടികൂടുകയായിരുന്നു.
ജോസ് പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാളുടെ പീഡനത്തിന് ഇരയായ ഭാര്യമാരുടെ ദുരന്തകഥകളും പുറത്തുവന്നു. പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, ഉല്ലല, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് ഇയാളുടെ ഭാര്യമാരും
മക്കളും കഴിയുന്നത്. വിവാഹമോചിതനാണെന്നും ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണ് ഇയാൾ പല സ്ത്രീകളേയും വലയിലാക്കുന്നത്. വിവാഹം കഴിഞ്ഞാൽ സ്ത്രീകൾക്കൊപ്പം കുറേ നാൾ താമസിക്കും. രണ്ട് കുട്ടികളായി കഴിയുമ്പോൾ സമ്പാദ്യങ്ങൾ കൈക്കലാക്കി നാടുവിടുകയാണ് ചെയ്യുന്നത്. ദുർമന്ത്രവാദത്തിലൂടെ ഇയാൾ ലക്ഷങ്ങൾ തട്ടിയതായും പരാതിയുണ്ട്.
Read also: പതിനൊന്നുപേരുടെ കൂട്ടമരണം; ദുർമന്ത്രവാദി അറസ്റ്റിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here