കൂടത്തായി കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരു വാർത്താ ചാനൽ (ട്വന്റിഫോർ അല്ല) നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് വിവാദമാകുന്നു

കൂടത്തായി കൊലപാതക കേസിൽ വാർത്താ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. ചില മാധ്യമങ്ങൾ പൊലീസ് ചമഞ്ഞ് കേസുമായി ബന്ധപ്പെട്ടവരിൽ നിന്ന്  വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലിൽ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു.

കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് ദിനം പ്രതി നിർണായക വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ മകൻ റോമോ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച മനോജ്, മഹേഷ് തുടങ്ങി കൂടത്തായി കേസിലെ നിർണായക കണ്ണികളെയെല്ലാം ലോകത്തിന് മുന്നിൽ കൊണ്ടുവന്നത് ട്വന്റിഫോറായിരുന്നു. ഇവരോടെല്ലാം കൃത്യമായി ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടാണ് ട്വന്റിഫോർ വാർത്താ സംഘം കേസിനെ കുറിച്ച് ചോദിച്ചറിഞ്ഞതും വെളിപ്പെടുത്തലുകൾ ലോകത്തിന് മുന്നിൽ കാണിച്ചതും. എന്നാൽ ഇതിന്റെ ചുവടുപിടിച്ച് ബ്രേക്കിംഗ് ന്യൂസുകൾക്കായി ഒരു വാർത്താ ചാനൽ (ട്വന്റിഫോർ അല്ല) പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കേസുമായി ബന്ധപ്പെട്ടവരിൽ നിന്ന്  വിവരങ്ങൾ ശേഖരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read Also : കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യൻ ഒളിവിൽ

ഇതിന്റെ പശ്ചാത്തലത്തിലാണ് വടകര റൂറൽ എസ്പി കെജി സൈമൺ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കേണ്ടതാണെന്നും കെജി സൈമൺ ആവശ്യപ്പെട്ടു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top