മീഡിയനിൽ അവശനായി കിടന്ന രാമുവിന് അഭയമൊരുക്കി എറണാകുളം കളക്ടർ

കലൂർ ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിലെ മീഡിയനിൽ അവശനായി കിടന്നിരുന്ന രാമുവിന് അഭയമൊരുക്കി ജില്ലാ കളക്ടർ. തമിഴ്‌നാട് ദിണ്ടുക്കൽ സ്വദേശിയാണ് രാമു.
സാധാരണഗതിയിൽ കളക്ടറുടെ ക്യാമ്പ് ഹൗസും കളക്ടറേറ്റും അടുത്തടുത്ത് ആകാറാണ് പതിവ്. എന്നാൽ എറണാകുളത്ത്, കളക്ടറുടെ ക്യാമ്പ് ഹൗസ് എംജി റോഡിലും, കളക്ടറേറ്റ് കാക്കനാടുമാണ്. അതുകൊണ്ട് തന്നെ ഓഫീസിലേക്കുള്ള യാത്രയിൽ കൊച്ചി നഗരത്തിലെ സംഭവവികാസങ്ങൾ കണ്ടറിഞ്ഞാകും കളക്ടറുടെ സഞ്ചാരം. അങ്ങനെ കളക്ടർ എസ് സുഹാസിന്റെ ശ്രദ്ധയിൽ രാമുവും പെടുന്നത്.
കുപ്പിയും പാട്ടയും പെറുക്കി വിറ്റ് ജീവിക്കുന്ന രാമു പല്ലുവേദന രൂക്ഷമായതിനെ തുടർന്ന് ദിവസങ്ങളായി മീഡിയനിൽ കിടപ്പായിരുന്നു. ഇതുവഴി കടന്നുപോയ കളക്ടർ എസ് സുഹാസിന്റെ ശ്രദ്ധയിൽ രാമു പെടുകയും ഇത് ഫോട്ടോ എടുത്ത് സാമൂഹ്യ നീതി വകുപ്പിന് അയച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
സാമൂഹ്യ നീതി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് തെരുവോരം മുരുകന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ ആംബുലൻസിലാണ് രാമുവിനെ അഭയകേന്ദ്രത്തിൽ എത്തിച്ചത്. കാക്കനാട് സിവിൽ സ്‌റ്റേഷന് സമീപമുള്ള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള തെരുവുമക്കളുടെ പുനരധിവാസ് കേന്ദ്രമായ തെരുവ് വെളിച്ചം എന്ന അഭയകേന്ദ്രത്തിലാണഅ രാമുവിനെ എത്തിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here