ഹാമർ അപകടം; സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്ന് മൂന്നംഗ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ

പാലായിൽ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്ന് കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഷെഡ്യൂൾ പ്രകാരം വ്യത്യസ്ത സമയങ്ങളിൽ ക്രമീകരിച്ചിരുന്ന ത്രോ മത്സരങ്ങൾ ഒരേസമയം നടത്താനിടയായ സാഹചര്യം സമിതി പരിശോധിക്കും. സംഘാടകരുകയും ദൃക്‌സാക്ഷികളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അപകടം നടന്ന് ഒരാഴ്ച്ച പൂർത്തിയായ ദിനത്തിലാണ് കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി തെളിവെടുപ്പിനായി എത്തിയത്. മത്സരങ്ങൾ നടന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയ സംഘം അപകട സ്ഥലം പരിശോധിച്ചു. സംഘാടകരായ അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. വ്യത്യസ്ത സമയങ്ങളിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരുമിച്ച് നത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Read Also : ഹാമർ തലയിൽ വീണ് പരുക്കേറ്റ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദൃക്‌സാക്ഷികളായ മത്സരാർത്ഥികളിൽ നിന്നും വോളണ്ടിയർമാരിൽ നിന്നും സമിതി മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ കെകെ വേണു അറിയിച്ചു. സായി മുൻ പരിശീലകൻ എം.ബി സത്യനന്ദൻ, ബാഡ്മിന്റൺ താരം വി ദിജു എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. കായിക മേളകളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും സമിതി പഠനം നടത്തി റിപ്പോർട്ട് കൈമാറും. അപകടം സംഘാടകരുടെ വീഴ്ച മൂലമാണെന്ന് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഒരാഴ്ച്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഫേൽ ജോൺസന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here