വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയാക്കി ഉയര്‍ത്തുന്നതിനുള്ള ചടങ്ങുകള്‍ നാളെ വത്തിക്കാനില്‍ നടക്കും. തൃശൂരിലെ മറിയം ത്രേസ്യയുടെ ജന്മഗ്രഹവും പുത്തന്‍ചിറ ഗ്രാമവും ആഘോഷത്തിലാണ്. വത്തിക്കാനിലും തൃശൂരില്‍ മറിയം ത്രേസ്യയുടെ ഖബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ പള്ളിയിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കുഴിക്കാട്ടുശേരിയിലെ പള്ളിയിലും വത്തിക്കാനിലെ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാകും. മറിയം ത്രേസ്യയുടെ ബന്ധുക്കള്‍ അടക്കം നിരവധിപേര്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു.
ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുള്‍പ്പെടെ അഞ്ചുപേരെയാണ് നാളെ ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. കര്‍ദിനാള്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബോയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണ് മറ്റു നാലുപേര്‍. നാളെ രാവിലെ പത്തിന് ( ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന്) നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തുക.
മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. റോമില്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം നാലിന് മരിയ മജോരേ മേജര്‍ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ഥന നടത്തും.
തൃശൂര്‍ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറ ഫൊറോന പള്ളി ഇടവകയില്‍ ചിറമ്മല്‍ മങ്കിടിയാന്‍ തോമ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്.
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ ആദ്യം ചേര്‍ന്ന മറിയം ത്രേസ്യ പിന്നീട് സ്വന്തം ഗ്രാമമായ പുത്തന്‍ചിറയിലേക്ക് തിരിച്ചുവന്ന് കുടുംബപ്രേക്ഷിതത്വം ലക്ഷ്യമാക്കി ഹോളി ഫാമിലി സന്യാസിനി സമൂഹം ആരംഭിക്കുകയായിരുന്നു.
1926 ജൂണ്‍ എട്ടിനാണ് മറിയം ത്രേസ്യയുടെ മരണം. തുടര്‍ന്ന് 1973 ഒക്ടോബര്‍ അഞ്ചിന് ദൈവദാസിയായി നാമകരണം ചെയ്തു. 1999 ജൂണ്‍ 28 ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യ എന്ന് നാമകരണം ചെയ്തു. 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവളായും നാമകരണം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here