സഞ്ജുവിന് ഇരട്ടസെഞ്ചുറി; സച്ചിൻ ബേബിക്ക് സെഞ്ചുറി; ഇരുവരും ചേർന്ന് 338 റൺസിന്റെ കൂട്ടുകെട്ട്: കേരളത്തിന് കൂറ്റൻ സ്കോർ

ഗോവക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചു കൂട്ടിയത്. സഞ്ജു സാംസണിൻ്റെയും സച്ചിൻ ബേബിയുടെയും റെക്കോർഡ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ പടുകൂറ്റൻ സ്കോറിലെത്തിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ സീസണിൽ ടീമിലെത്തി ഇതുവരെ ഫോമിലെത്താൻ കഴിയാതിരുന്ന ഉത്തപ്പ രണ്ട് ബൗണ്ടറികൾ നേടി നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറിൽ പുറത്തായി. 10 റൺസെടുത്ത ഉത്തപ്പ ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് പവലിയനിലേക്ക് മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ വിഷ്ണു വിനോദിനും അധികം ആയുസ്സുണ്ടായില്ല. 7 റൺസെടുത്ത വിഷ്ണുവിനെ ദർഷൻ മിസാൽ വിക്കറ്റിനു മുന്നിൽ കുരുക്കി.
തുടന്നാണ് സഞ്ജു സാംസൺ-സച്ചിൻ ബേബി സഖ്യം ഒത്തുചേർന്നത്. ആക്രമണ മൂഡിലാണ് സഞ്ജു ക്രീസിലെത്തിയത്. തുടർച്ചയായ രണ്ട് ബൗണ്ടറികളോടെ ഇന്നിംഗ്സ് ആരംഭിച്ച സഞ്ജു ടി-20 ശൈലിയിൽ ബാറ്റ് വീശി. സഞ്ജുവിന് കൂട്ടായി മുൻ നായകൻ സച്ചിൻ ബേബി ക്രീസിൽ ഉറച്ചതോടെ കേരളത്തിൻ്റെ സ്കോർ കുതിച്ചുയർന്നു. സഞ്ജു ആഞ്ഞടിച്ചപ്പോൾ സച്ചിൻ ക്രീസിൽ പിടിച്ചു നിന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. വെറും 30 പന്തുകളിലാണ് സഞ്ജു അർധസെഞ്ചുറി കുറിച്ചത്. അരസെഞ്ചുറി പിന്നിട്ടിട്ടും തൻ്റെ ശൈലി മാറ്റാൻ തയ്യാറാവാതിരുന്ന സഞ്ജു 66 പന്തുകളിൽ ശതകം തികച്ചു. ഇതിനിടെ 68 പന്തുകളിൽ സച്ചിൻ ബേബിയും അർധശതകം തികച്ചു.
അർധശതകത്തിനു പിന്നാലെ സച്ചിൻ ബേബിയും ആക്രമണ മൂഡിലേക്ക് മാറി. ഇരുവരും ചേർന്ന് ഗോവൻ ബൗളർമാരെ തല്ലിച്ചതച്ചു. വെറും 99 പന്തുകളിൽ സഞ്ജു 150 തികച്ചു. പിന്നാലെ 122 പന്തുകളിൽ സച്ചിൻ ബേബി സെഞ്ചുറിയും തികച്ചു. സ്ലോഗ് ഓവറുകൾ ബൗണ്ടറികൾ കൊണ്ട് അമ്മാനമാടിയ ഇരുവരും കേരളത്തിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ഇതിനിടെ 125 പന്തുകളിൽ സഞ്ജു സാംസൺ ഇരട്ടശതകം കുറിച്ചു. 20 ബൗണ്ടറികളും ഒൻപത് പടുകൂറ്റൻ സിക്സറുകളും സഹിതമായിരുന്നു സഞ്ജുവിൻ്റെ ഐതിഹാസിക ഇന്നിംഗ്സ്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോർ, ടൂർണമെൻ്റ് ചരിത്രത്തിൽ രണ്ടാമത്തെ ഇരട്ട സെഞ്ചുറി, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോർ എന്നിങ്ങനെ മൂന്നു റെക്കോർഡുകളാണ് ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ സഞ്ജു സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
അവസാന ഓവറിലെ ആദ്യ പന്തിൽ സച്ചിൻ ബേബി പുറത്തായി. സഞ്ജുവുമായി മൂന്നാം വിക്കറ്റിൽ 338 റൺ കൂട്ടിച്ചേർത്തതിനു ശേഷമാണ് സച്ചിൻ മടങ്ങിയത്. ലക്ഷയ് എ ഗാർഗിൻ്റെ പന്തിൽ സ്നേഹൽ കൗതങ്കറിനു പിടികൊടുത്ത് മടങ്ങുമ്പോൾ 127 റൺസായിരുന്നു സച്ചിൻ ബേബിയുടെ സമ്പാദ്യം. 135 പന്തുകളിൽ ഏഴ് ബൗണ്ടറികളും നാല് സിക്സറും സഹിതമാണ് സച്ചിൻ 127 റൺസെടുത്തത്.
കളി അവസാനിക്കുമ്പോൾ സഞ്ജു 129 പന്തുകളിൽ 212 റൺസെടുത്ത് പുറത്താവാതെ നിന്നു. 21 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്നതാണ് സഞ്ജുവിൻ്റെ ഇന്നിംഗ്സ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here