സഖാവും സ്വാമിയുമായി ബിജു മേനോൻ; ലാൽജോസ് ചിത്രം നാൽപ്പത്തിയൊന്നിന്റെ മോഷൻ പോസ്റ്റർ

വലത് തോളിൽ ഇരുമുടിക്കെട്ടും ഇടത് കൈയാൽ സിന്ദാബാദുമായി ബിജു മേനോന്റെ മോഷൻ പോസ്റ്റർ ഇറക്കി ലാൽജോസ് ചിത്രം നാൽപ്പത്തിയൊന്നിന്റെ പ്രമോഷൻ.

വിപ്ലവവും ശബരിമല സന്നിധാനവും ഒരുമിച്ച് ഓർമപ്പെടുത്തുന്ന രീതിയിലാണ് മോഷൻ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ശബരിമലക്ക് പോകാൻ മാലയിട്ടിരിക്കുന്ന സഖാവായ ഉല്ലാസ് മാഷിനെയാണ് സിനിമയിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ നാൽപ്പത്തിയൊന്ന് ചലച്ചിത്രതാരങ്ങൾ ചേർന്നാണ് നാൽപ്പത്തിയൊന്ന് ടീസർ പുറത്തിറക്കിയത്. ബിജു മേനോനൊപ്പം നവാഗതനായ ശരൺജിത്തും നായകതുല്യ കഥാപാത്രമായി ഉണ്ട്. വാവാച്ചി കണ്ണൻ എന്ന കഥാപാത്രത്തെയാണ് ശരൺ അവതരിപ്പിക്കുന്നത്. നവാഗതനായ പിജി പ്രഗീഷ് ആണ് തിരക്കഥ. രാഷ്ട്രീയം,സംഘർഷം,ഭക്തി എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന എന്റർടെയിനറാണ് ചിത്രമെന്നാണ് അറിയുന്നത്.

തലശേരി, തലക്കാവേരി, തൃശൂർ, ആലപ്പുഴ,എരുമേലി, ശബരിമല എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. നിമിഷാ സജയൻ ചിത്രത്തിൽ നായികയായി എത്തുന്നു.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് കൂടി പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. സംവിധായകൻ ജി പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സിഗ്‌നേച്ചർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രജിത്തിനൊപ്പം അനുമോദ് ബോസ്, ആദർശ് നാരായൺ, മനോജ് ജി കൃഷ്ണൻ എന്നിവരും പങ്കാളികളാകുന്നു. എസ് കുമാർ ഛായാഗ്രാഹകനായി വീണ്ടും ലാൽജോസിനൊപ്പം കൈകോർക്കുന്ന ചിത്രവുമാണ് നാൽപ്പത്തിയൊന്ന്. സംഗീത സംവിധാനം- ബിജിബാൽ. ഗാനരചന റഫീക്ക് അഹമ്മദ്,ശ്രീരേഖാ ഭാസ്‌കർ. എഡിറ്റിംഗ്-രഞ്ജൻ എബ്രഹാം. കലാ സംവിധാനം- അജയ് മാങ്ങാട്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോസ്റ്റിയൂംസ് സമീറാ സനീഷ്, സ്റ്റിൽസ് മോമി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top