വിക്രമിന്റെ സിനിമയിൽ പൊലീസ് ഓഫീസറായി ഇർഫാൻ പത്താൻ

തെന്നിന്ത്യൻ താരം ഇർഫാൻ പത്താൻ ചിയാൻ വിക്രമിൻ്റെ 58ആം സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഡിമോണ്ടെ കോലനി, ഇമൈക്ക നൊടിഗൾ എന്നീ സിനിമകളൊരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുക.

ചിത്രത്തിൽ വിക്രം വ്യത്യസ്തമായ 25 ഗെറ്റപ്പുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അത് സത്യമാണെങ്കിൽ ഒരു സിനിമയിൽ ഏറ്റവുമധികം കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരമെന്ന റെക്കോർഡും വിക്രം സ്വന്തമാക്കും.

തുർക്കിക്കാരനായ പൊലീസ് ഓഫീസറാവും ഇന്ത്യൻ ഓൾറൗണ്ടർ ചിത്രത്തിൽ വേഷമിടുക. “ചിത്രത്തിൽ അഭിനയിക്കാനായി കാത്തിരിക്കുകയാണ്. റോൾ സംസാരിക്കാനായി അണിയറ പ്രവർത്തകർ എൻ്റെ അടുക്കലെത്തിയപ്പോൾ എന്തുകൊണ്ട് ഞാൻ? എന്നാണ് ഞാൻ അവരോട് ചോദിച്ചത്. പക്ഷേ, അവർക്ക് എൻ്റെ കാര്യത്തിൽ നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു”- ഇർഫാൻ പറയുന്നു.

അടുത്തിടെ ഹൻസിക മോട്‌വാനി മുഖ്യ വേഷത്തിലെത്തുന്ന സിനിമയിൽ വില്ലനായി കേരള താരം ശ്രീശാന്തിനെ കാസ്റ്റ് ചെയ്തിരുന്നു. ഹൊറർ കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഹർഭജൻ സിംഗും തമിഴ് സിനിമയിലൂടെ സിനിമാഭിനയം തുടങ്ങുകയാണ്.

വയാകോം 18 പിക്ചേഴ്സിൻ്റെ ബാനറിൽ സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് വിക്രം ചിത്രം നിർമ്മിക്കുന്നത്. ഇനിയും പേരിടാത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഈ മാസാദ്യം തുടങ്ങിക്കഴിഞ്ഞു, എആർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top