Advertisement

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

October 15, 2019
Google News 1 minute Read

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്ന നടപടികളുടെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇത് സംബന്ധിച്ച നീക്കം. ധനകമ്മീഷന്റെ അംഗീകാരത്തിന് വിധേയമായി ഫെബ്രുവരി മാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റുകളിൽ ബാധകമാകുന്ന വിധം കടമെടുപ്പ് പരിധി വർധിപ്പിച്ച് നൽകും. കേരളം അടക്കം പതിനഞ്ച്‌ സംസ്ഥാനങ്ങൾ കടം എടുപ്പ് പരിധി ഉയർത്തി നൽകണമെന്ന്  കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ വരുമാന നഷ്ടം നികത്താൻ കടമെടുപ്പ് പരിധി ഉയർത്തി നൽകണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കേരളമാണ്. ഇതിനു പുറമേ 15-ാം ധനകമ്മീഷൻ ധനകമ്മി 3 ശതമാനമായി നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാപ്രളയം ഉണ്ടായപ്പോഴും നവകേരള നിർമിതിയുടെ ധനസമാഹരണത്തിന് സംസ്ഥാനം കടമെടുപ്പ് പരിധി വർധിപ്പിച്ച് നൽകും എന്ന് പ്രതിക്ഷിച്ചു. എന്നാൽ അന്ന്  കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഒരു നീക്കവും ഉണ്ടായില്ല.

കടം എടുപ്പ് പരിധി ഇപ്പോൾ ഉള്ള മൂന്ന് ശതമാനം നാലര ശതമാനമാക്കി ഉയർത്തണം എന്നായിരുന്നു വിവിധ ഘട്ടങ്ങളിലെ സംസ്ഥാന സർക്കാരിന്റെ നിലപാട്. അനുവദനീയമായ ധനകമ്മി പരിധി കേന്ദ്രത്തിന്റേത് രണ്ടരയും സംസ്ഥാനങ്ങളുടേത് 1.7 ശതമാനവുമായി താഴ്ത്താനായിരുന്നു ധനകമ്മീഷന്റെ നേരത്തെയുള്ള നീക്കം. ആഭ്യന്തര ഉൽപ്പാദനവും കടവും തമ്മിലുള്ള അനുപാതം 60 ശതമാനത്തിൽ ക്രമപ്പെടുത്തുക, ഇതിൽ 40 ശതമാനം കേന്ദ്രത്തിനും 20 ശതമാനം സംസ്ഥാനങ്ങൾക്കും അനുവദിക്കുക എന്ന നിലപാടിനെ ആശ്രയിച്ചായിരുന്നു ഈ തീരുമാനം.

ധനകമ്മി വർധിപ്പിക്കുന്നതോടെ സംസ്ഥാന സർക്കാരുകളുടെ ചെലവു ചെയ്യൽ ശേഷി ഗണ്യമായി കൂടും എന്ന് കേന്ദ്രസർക്കാർ കരുതുന്നു. ഇത് വളർച്ചാനിരക്ക് ഉയർത്താനുള്ള ഉപാധിയായി മാറും. അതേസമയം, നിലവിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 2.75 ആണ്. പുതിയ തീരുമാനമനുസരിച്ച് കടമെടുപ്പ് പരിധി എത്രയാക്കി ഉയർത്തും എന്നതിൽ വ്യക്തത വന്നിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here