കുട്ടിക്കടത്ത് ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്താണെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും സിബിഐ അന്വേഷണം അവസാനിപ്പിച്ചു. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്കടത്തിന് തെളിവുകളില്ലെന്നും സിബിഐ പറഞ്ഞു. അന്വേഷണം അവസാനിപ്പിച്ചുവെന്ന് കാട്ടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ ഡൽഹി യൂണിറ്റ് റിപ്പോർട്ട് സമർപ്പിച്ചു.
2014 മെയ് മാസം ബിഹാർ, ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മുക്കം, വെട്ടത്തൂർ യത്തീംഖാനകളിലേക്ക് എത്തിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് തടഞ്ഞിരുന്നു. കുട്ടികളെ നിയമ വിരുദ്ധമായാണ് കൊണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏതാനും ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു തടഞ്ഞുവച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ് അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here