രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; കാലിക്കറ്റ് യൂണിവേഴ്സിറ്റി മാഗസിനെതിരെ എംഎസ്എഫും എബിവിപിയും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസിൻ രാജ്യദ്രോഹം പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി എംഎസ്എഫും എബിവിപിയും. പോസ്റ്റ് ട്രൂത്ത് എന്ന പേരിലിറക്കിയ മാഗസിനിൽ ഇസ്ലാമിനെയും ഹിന്ദുവിനെയും ശബരിമലയെയും മോദിയെയും അമിത് ഷായെയുമൊക്കെ അപമാനിക്കുന്ന കൃതികളാണെന്നാണ് ഇരു സംഘടനകളുടെയും നിലപാട്.

മാഗസിനിലെ ‘മൂടുപടം’ എന്ന കവിത ഇസ്ലാമിനെ അപമാനിക്കുന്നതാണെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്. പർദ്ദ ധരിക്കുന്ന സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗനരക വിശ്വാസികളെയും കവിത അവഹേളിക്കുന്നുവെന്നാണ് എംഎസ്എഫിൻ്റെ ആരോപണം. ബുദ്ധക്കണ്ണ് എന്ന കവിതക്കെതിരെയാണ് എബിവിപി രംഗത്തെത്തിയത്. കവിത ശബരിമലയെ അപമാനിക്കുന്നുവെന്ന് എബിവിപി ആരോപിക്കുന്നു. മാഗസിനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നും എബിവിപി ആരോപിക്കുന്നു.

അതേസമയം മാഗസിന്‍ പിന്‍വലിച്ചുവെന്ന തരത്തിൽ പുറത്തുവരുന്ന വാര്‍ത്തകള്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തള്ളി. മാഗസിൻ പിൻവലിച്ചിട്ടില്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top