സ്വിറ്റ്‌സർലാന്റിലെ മഞ്ഞുകുന്നുകൾ അതിവേഗത്തിൽ ഉരുകുന്നതായി റിപ്പോർട്ടുകൾ

സ്വിറ്റ്‌സർലാന്റിലെ വിഖ്യാത മഞ്ഞുകുന്നുകൾ അതിവേഗത്തിൽ ഉരുകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ 10 ശതമാനം മഞ്ഞുകുന്നുകൾ അലിഞ്ഞ് ഇല്ലാതായതായി സ്വിസ് അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. ഒരു നുറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വേഗത്തിലുള്ള മഞ്ഞുരുക്കമാണിതെന്നും പഠനം വ്യക്തമാക്കി.
മഞ്ഞുകട്ടകളെ സംബന്ധിച്ച് പഠനം നടത്തുന്ന ക്രയോസ്പിയർ കമ്മീഷൻ സ്വിഡ് അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്വിറ്റ്‌സർലാന്റിലെ മഞ്ഞുകുന്നുകളിൽ പത്ത് ശതമാനം ഉരുകി ഇല്ലാതായി. ഈ വർഷം മഞ്ഞ് അലിയുന്നതിന്റെ വേഗത റെക്കോർഡ് നിരക്കിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു. ഇത്തവണ കനത്ത ശീതകാലമുണ്ടായിട്ടും മഞ്ഞുരുക്കത്തിന്റെ വേഗത വർധിച്ചത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ. പഠനത്തിനായി നിരീക്ഷിച്ച ഇരുപതിലധികം മഞ്ഞുമലകളിൽ ഏപ്രിൽ – മെയ് മാസങ്ങളിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി 40 ശതമാനം കൂടുതൽ മഞ്ഞുണ്ടായിരുന്നു.
എന്നാൽ, ജൂണിലുണ്ടായ കനത്ത ചൂടിൽ മഞ്ഞുകുന്നുകൾ വേഗത്തിൽ അലിഞ്ഞ് ഇല്ലാതായെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ സെപ്തംബർ വരെയുള്ള കണക്കുകൾ കൂടി പരിഗണിക്കുകയാണെങ്കിൽ അഞ്ചു വർഷത്തിനിടെയുണ്ടായ മഞ്ഞുരുക്കം 10 ശതമാനവും മറിക്കടക്കുമെന്നും കമ്മീഷൻ അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ സർക്കാരുകൾ കനത്ത നിലപാടുകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമാകെ പ്രതിഷേധപരിപാടികൾ നടക്കുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here