‘ഷെയ്‌നിന്റെ ഡേറ്റിൽ വന്ന ചില പ്രശ്‌നങ്ങൾ മൂലം തിരക്കഥ തിരുത്തി’: വെയിലിന്റെ സംവിധായകൻ ശരത്

ഷെയ്‌നിന്റെ ഡേറ്റിൽ വന്ന ചില പ്രശ്‌നങ്ങൾ മൂലം തിരക്കഥ തിരുത്തേണ്ടി വന്നിരുന്നുവെന്ന് വെയിലിന്റെ സംവിധായകൻ ശരത്. നിലവിലെ വിവാദം ഷെയ്ൻ അറിഞ്ഞുകൊണ്ട് വരുത്തിയതാണെന്ന് കരുതുന്നില്ലെന്നും ശരത് പറഞ്ഞു. നീണ്ട താടിയും മുടിയുമുള്ള ഗെറ്റപ്പിലെ ഒരു രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പാണ് ഷെയ്ൻ മുടി വെട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കിസ്മത്ത് പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ട സമയത്താണ് ഈ സിനിമയുമായി ഷെയ്‌നിനെ സമീപിക്കുന്നത്. മെയ് പതിനെട്ട് മുതലാണ് ഈ പടത്തിനായി ഷെയ്ൻ ഡേറ്റ് തരുന്നത്. ചിത്രത്തിന് നിർമാതാവിനെ കിട്ടിയതും മെയ് പതിനെട്ടിന് തന്നെയായിരുന്നു. ഇതേ ദിവസം ചിത്രീകരണം തുടങ്ങാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നുവെന്നും അത് സെറ്റിട്ട് ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ലൈവായി ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശരത് പറഞ്ഞു.

Read Also: ‘ഷെയ്ൻ നിഗം കബളിപ്പിക്കുകയായിരുന്നു’; ആരോപണങ്ങൾ തള്ളി ജോബി ജോർജ്

പക്ഷേ ആ സമയത്ത് ഷെയ്‌നിന്റെ മറ്റൊരു സിനിമ തീർന്നില്ലായിരുന്നു. അങ്ങനെ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പോയി സംസാരിച്ച് മൂന്ന് ദിവസം ഷെയ്‌നിനെ തരാമെന്ന് പറഞ്ഞു. പക്ഷേ താടി എടുക്കാൻ പാടില്ലെന്നായിരുന്നു നിബന്ധന. അത് ആ പടത്തെ ബാധിക്കും. എന്നാൽ തന്റെ സിനിമയിലെ കഥാപാത്രം പ്ലസ്ടു വിദ്യാർഥിയാണ്. അത്രയും താടി സിനിമയിൽ കാണിക്കാനും പറ്റില്ല.
അങ്ങനെ സ്‌ക്രിപ്റ്റിൽ കുറച്ച് മാറ്റം വരുത്തി. ഉത്സവത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു. അത് ഷൂട്ട് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഷെയ്ൻ മറ്റൊരു ചിത്രത്തിലേക്ക് പോയി. പിന്നീട് ആ പടത്തിൽ ജോയിൻ ചെയ്ത് അതിന്റെ ഷൂട്ട് തീർക്കുന്നത് ഓഗസ്റ്റ് പത്തിനാണ്. പ്രൊഡ്യൂസേർസ് അസോസിയേഷൻ തീരുമാനപ്രകാരം ആ സിനിമയുടെ ഷൂട്ട് തീർന്നാൽ അടുത്തത് തന്റെ ചിത്രമാണെന്നായിരുന്നു. പക്ഷേ ഷെയ്ൻ മറ്റൊരു ചിത്രത്തിന്റെ കരാർ ഒപ്പിടുകയാണ് ചെയ്തതെന്നും ശരത് കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More