Advertisement

വത്തിക്കാനിൽ നിന്ന് തിരിച്ചടി നേരത്തെ പ്രതീക്ഷിച്ചത്: സിസ്റ്റർ ലൂസി കളപ്പുര

October 17, 2019
Google News 1 minute Read

വത്തിക്കാനിൽ നിന്ന് തിരിച്ചടി നേരത്തെ പ്രതീക്ഷിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കൽ സഭ നേരത്തേ തീരുമാനിച്ചതാണെന്നും സിസ്റ്റർ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പുറത്താക്കണമെന്ന് എഫ്‌സിസി നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ തന്നെ തനിക്കെതിരെയുള്ള നടപടി നിശ്ചയിച്ചെന്നും അവർ ആരോപിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം ഫേയ്‌സ്ബുക്കിൽ, പൂർണരൂപം:

അപ്പീൽ കൊടുക്കും മുന്പ് തന്നെ അപ്പീൽ കൊടുത്താൽ ,മറുപടി തീരുമാനിച്ച് വച്ച എഫ്‌സിസിയോട്, കൃത്യം 2 മാസത്തെ നിയമ സാവകാശം മാത്രമേ നിങ്ങൾ പാലിച്ചിട്ടുള്ളു ഇക്കാര്യത്തിൽ. ഓഗസ്റ്റ് 16 ന് നൽകിയ അപ്പീലിന് മറുപടി ഒക്ടോബർ 16 ന്.

2019 ജനുവരി 1 മുതൽ നിങ്ങൾ എനിക്കെതിരെ എടുത്ത നടപടി ക്രമങ്ങളിൽ പാലിച്ചതും ഈ സമയക്രമം മാത്രമേയുള്ളുവെന്ന് വ്യക്തമായി ഞാൻ മനസ്സിലാക്കി.നിയമ നടപടികളുടെ ഭാഗമായുള്ള ഒരു പരസ്യം മാത്രമാണ് അപ്പീൽ നൽ്കാനുള്ള അവസരവും ഇനിയും അപ്പീലിനുള്ള അവകാശ അറിയിപ്പും. അതിനും മറുപടി സമയസാവകാശം മാത്രം.

തീരുമാനം 2018 സെപ്തംബറിൽ എടുത്തുകഴിഞ്ഞിരുന്നുവെന്നത് പകൽ പോലെ വ്യക്തമാകുന്നു.’സഭയിൽ നിന്നും പുറത്ത് ‘ എന്ന് നിങ്ങൾ എഴുതിയത് എഴുതിയത് തന്നെ.അതുകൊണ്ട് അധികാരികളുടെ ഇഷ്ടക്കേടിന് ഇരകളായവർക്കും,ഇനി ആകുന്നവർക്കും,ഇപ്പോൾ എന്നെപോലെ ഇരകളായികൊണ്ടിരിക്കുന്നവർക്കും വേണ്ടി….. ‘നീതിക്കായി ഒരു പോരാട്ടം’….

ഇന്നലെ എഫ്‌സിസി സന്യാസ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളിയിരുന്നു. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് വത്തിക്കാൻ പൗരസ്ത്യ തിരുസഭ അപ്പീൽ തളളിയത്. ഒരു കാരണവശാലും മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്നും തന്റെ വശം സഭ ഇതുവരെ കേട്ടിട്ടില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു.

Read Also: സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളി

എഫ്‌സിസി സന്യാസ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ഓഗസ്റ്റ് എട്ടിനാണ് സിസ്റ്റർ ലൂസി കളപ്പുര തന്റെ ഭാഗം വ്യക്തമാക്കി വത്തിക്കാന് അപേക്ഷ നൽകിയത്. നിലവിലുള്ള സാഹചര്യത്തിൽ സിസ്റ്റർ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ ഉണ്ടാകുമെങ്കിലും ഒരു തവണകൂടി വിശദീകരണം നൽകാൻ വത്തിക്കാൻ അവസരം നൽകുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽമീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എറണാകുളത്തെ വഞ്ചി സ്‌ക്വയറിൽ ഐക്യദാർഢ്യ സംഗമം നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here