സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളി

എഫ്സിസി സന്യാസ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളി. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് വത്തിക്കാൻ പൗരസ്ത്യ തിരുസഭ അപ്പീൽ തളളിയത്. അതേസമയം ഒരു കാരണവശാലും മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്നും തന്റെ വശം സഭ ഇതുവരെ കേട്ടിട്ടില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.
Read Also: സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മ
എഫ്സിസി സന്യാസ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ഓഗസ്റ്റ് എട്ടിനാണ് സിസ്റ്റർ ലൂസി കളപ്പുര തന്റെ ഭാഗം വ്യക്തമാക്കി വത്തിക്കാന് അപേക്ഷ നൽകിയത്. ഇന്ന് രാവിലെ കാരയ്ക്കാമലയിലെ മഠത്തിൽ ലഭിച്ച മറുപടിയിലാണ് സിസ്റ്ററുടെ അപേക്ഷ വത്തിക്കാൻ തളളിയതായി പറയുന്നത്.ലത്തീൻ ഭാഷയിലുളള മറുപടിക്കത്തിൽ 11 കാരണങ്ങൾകൊണ്ടാണ് അപ്പീൽ അംഗീകരിക്കാത്തത് എന്നും വ്യക്തമാക്കുന്നുണ്ട്.
സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, ചാനൽ ചർച്ചകളിൽ പങ്കെടുത്തു തുടങ്ങിയ പിഴവുകൾ സിസ്റ്റർക്ക് പറ്റിയതായി മറുപടിയിൽ പറയുന്നുണ്ട്, ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പരാമർശമില്ല.
നിലവിലുള്ള സാഹചര്യത്തിൽ സിസ്റ്റർ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ ഉണ്ടാകുമെങ്കിലും ഒരു തവണകൂടി വിശദീകരണം നൽകാൻ വത്തിക്കാൻ അവസരം നൽകുന്നുണ്ട്. എന്നാൽ ഒരു കാരണവശാലും മഠത്തിൽ നിന്ന് പുറത്ത് പോകില്ലെന്നും തന്റെ ഭാഗം ഒട്ടും കേൾക്കാതെയാണ് വത്തിക്കാന്റെ മറുപടി വന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽമീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എറണാകുളത്തെ വഞ്ചി സ്‌ക്വയറിൽ ഐക്യദാർഢ്യ സംഗമം നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here