Advertisement

അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി സംസ്ഥാനം വിട്ടത് പതിനൊന്ന് തവണ, കൂടെ രണ്ട് പേരും

October 18, 2019
Google News 0 minutes Read

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അധ്യാപക പരിശീലനത്തിനെന്ന പേരിൽ സംസ്ഥാനം വിട്ടത് പതിനൊന്ന് തവണയെന്ന് റിപ്പോർട്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ജോളി പോയത്. സുഹൃത്തായ അധ്യാപകനും ബന്ധു എം എസ് മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് ജോളി മൊഴി നൽകിയതായാണ് വിവരം.

എൻഐടി അധ്യാപികയെന്നായിരുന്നു ജോളി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാൽ ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രണ്ട് ദിവസത്തെ പരിശീലനം, രണ്ട് ദിവസത്തെ യാത്ര എന്ന നിലയിലായിരുന്നു ജോളിയുടെ സഞ്ചാരമെന്നാണ് വിവരം. അതേസമയം, ജോളിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നഗരങ്ങളിൽ താമസിച്ചതിന് പിന്നിൽ ജോളിയുടെ മറ്റ് സൗഹൃദങ്ങളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച രേഖ അന്വേഷണ സംഘം ശനിയാഴ്ച കോടതിയിൽ നൽകും. മറ്റ് കേസുകളുടെ കാലപ്പഴക്കവും തെളിവുകൾ ശേഖരിക്കാനുള്ള സാങ്കേതിക തടസങ്ങളും കണക്കിലെടുത്താണ് സിലിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here