ദേശീയ പൗരത്വ രജിസ്റ്റർ കോ ഓർഡിനേറ്ററെ സ്ഥലം മാറ്റാൻ സുപ്രിം കോടതി ഉത്തരവ്

ദേശീയ പൗരത്വ രജിസ്റ്റർ കോ ഓർഡിനേറ്റർ പ്രതീക് ഹജേലയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി ഉത്തരവിട്ടു. മധ്യപ്രദേശിലേക്ക് മാറ്റാനാണ് നിർദേശം.

ഒരാഴ്ചയ്ക്കകം ഉത്തരവിറക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിച്ചു. സ്ഥലം മാറ്റത്തിന്റെ കാരണം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് തുറന്ന കോടതിയിൽ വ്യക്തമാക്കിയില്ല. പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ ചോദ്യത്തിന് എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തിരിച്ച് ചോദിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് എൻആർസി കോ ഓർഡിനേറ്റർ അറിയിച്ചിരുന്നുവെന്നാണ് സൂചന.

Read Also: ദേശീയ പൗരത്വ രജിസ്റ്റർ; അസമിലെ ബിജെപി നേതൃത്വം ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. നവംബർ പതിനേഴിന് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ബെഞ്ച് വാദം കേൾക്കും.

48കാരനായ പ്രതീക് ഹജേല  അസം- മേഘാലയ കേഡർ ഐഎഎസ് ഓഫീസറായി ആണ് ജോലിയിൽ പ്രവേശിച്ചത്. ഹജേലയുടെ മേൽനോട്ടത്തിൽ ആഗസ്റ്റ് 31-ന് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു. പുറത്തായവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശിൽനിന്നു കുടിയേറിയ ഹിന്ദു സമുദായത്തിൽപെട്ടവരാണ്. ഇതിനെതിരേ ബിജെപി മുന്നോട്ട് വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top