റിഫ്റ്റ് വാലി പനി; സുഡാൻ, ജിബൂത്തി എന്നീ രാജ്യങ്ങളിൽ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത് വിലക്കി സൗദി

സുഡാൻ, ജിബൂത്തി എന്നീ രാജ്യങ്ങളിൽ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നതിന് സൗദി വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള കന്നുകാലികളിൽ റിഫ്റ്റ് വാലി പനി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സൗദിയിലേക്ക് ഏറ്റവും കൂടുതൽ കന്നുകാലികളെ കയറ്റി അയക്കുന്ന രാജ്യങ്ങളിൽപ്പെട്ടവയാണ് സുഡാനും ജിബൂത്തിയും. സൊമാലിയയിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി നേരത്തെ നിരോധിച്ചിരുന്നു.

സൗദി പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് ആണ് കന്നുകാലികളിൽ മാരക രോഗം കണ്ടെത്തിയത്. ജിബൂത്തിയിൽ നിന്നും കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയ ആടുകളിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ വർഷം മാത്രം സുഡാനിൽ നിന്ന് 50 ലക്ഷവും ജിബൂത്തിയിൽ നിന്നു ഏഴ് ലക്ഷവും കന്നുകാലികളെയാണ് സൗദി ഇറക്കുമതി ചെയ്തത്. ഇറക്കുമതി നിരോധനം മൂലമുണ്ടാകുന്ന കുറവ് നികത്താൻ ജിസിസി, ജോർദാൻ, ഉറൂഗ്വെ, എറിത്രിയ, എത്യോപ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാക്കിസ്താൻ, ജോർജിയ, പോർച്ചുഗൽ, ഹംഗറി, കസാഖിസ്ഥാൻ, റുമാനിയ, മംഗോളിയ, അർജന്റീന, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കന്നുകാലികളുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് മന്ത്രാലയം വക്താവ് അബ്ദുല്ല അബൽഖൈൽ പറഞ്ഞു.

Read Also : സൗദിയിൽ വനിതകൾക്ക് പുരുഷന്മാരുടെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടാൻ അവസരം വരുന്നു

സൊമാലിയയിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി നേരത്തെ സൗദി നിരോധിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയുന്നതോടെ ആടുകൾക്കും മറ്റും വില വർധിക്കുമെന്നാണ് റിപ്പോർട്ട്്. കഴിഞ്ഞ ദിവസങ്ങളിൽ വില 30 ശതമാനം വർധിച്ചിരുന്നു. നിരോധിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയാൽ പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽ്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top